എസ്.ആർ.സുധീർകുമാർ
കൊല്ലം: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവർത്തകർ വീണ്ടും ആശങ്കയിൽ. അതേ സമയം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായത് ആശ്വാസത്തിനും വക നൽകുന്നു.
നിലമേൽ സ്വദേശിയായ 52-കാരനാണ് ഇന്നലെ കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ഇയാൾക്കൊപ്പം ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ തങ്ങിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
ഇവരുടെ കുടുംബത്തിലെ അഞ്ചുപേരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു പേരെയും ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കി. കോവിഡ് സ്ഥിരീകരിച്ച നിലമേൽ സ്വദേശിയുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി രണ്ടിനാണ് ഇയാൾ തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗം ഡൽഹിക്ക് പോയത്. അവിടുന്ന് ട്രെയിനിൽ മുംബൈയിൽ എത്തി. ഫെബ്രുവരി 20 മുതൽ മാർച്ച് 23 വരെ അവിടെ നടന്ന മതപരമായ നിരവധി ചടങ്ങുകളിൽ പങ്കെടുത്തു.
തുടർന്ന് വിമാനത്തിൽ ഹൈദരാബാദിൽ എത്തി. അവിടുന്ന് വിമാനത്തിൽ കയറി 23ന് രാത്രി 8.10ന് തിരുവനന്തപുരത്ത് തിരികെ എത്തി. തുടർന്ന് വാഹനത്തിൽ നിലമേലിലെ വീട്ടിൽ എത്തി.
ഈ മാസം അഞ്ചുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. പിന്നീട് ശ്രവ പരിശോധനയ്ക്ക് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി ആംബുലൻസിൽ വീട്ടിൽ തിരികെ വന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേ സമയം ഇന്നലെ പത്തുപേരെ കൂടി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി. നാലു പേരെ ഒഴിവാക്കുകയും ചെയ്തു. ഇപ്പോൾ ആശുപത്രികളിൽ ആകെ നിരീക്ഷണത്തിൽ ഉള്ളത് 15 പേരാണ്. പുതുതായി 27 പേരെ വീടുകളിൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 9417 പേരാണ്. തുടക്കത്തിൽ ഇവരുടെ എണ്ണം 18,000 വരെ ഉയർന്നിരുന്നു. ഇത് പകുതിയായി കുറഞ്ഞതിൽ ആരോഗ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും ആശ്വാസം കാണുന്നു.
ആകെ 992 സാമ്പിളുകൾ ആണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 958 എണ്ണവും നെഗറ്റീവ് ആണ്. 25 എണ്ണത്തിന്റെ ഫലം വരാനുണ്ട്. ഇന്ന് 35 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ ഒന്നാണ് പോസിറ്റീവ് ആയത്. പുതുതായി 28 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൊല്ലം സിറ്റി പോലീസ് പരിധിയിൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം 288 കേസുകൾ രജിസ്റ്റർ ചെയ്ത് 288 പേരെ അറസ്റ്റ് ചെയ്യുകയും 258 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം സബ് ഡിവിഷനിൽ 117 ഉം ചാത്തന്നൂർ സബ് ഡിവിഷനിൽ 91 ഉം കരുനാഗപ്പള്ളി സബ് ഡിവിഷനിൽ 80 ഉം കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു.
ക്വാറന്റയിൻ ലംഘനം നടത്തി മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചതിന് പ്രാക്കുളം സ്വദേശികളായ ഭാര്യാ ഭർത്താക്കന്മാർക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രാക്കുളത്ത് നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്ത്രീയുമായി സന്പർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് ഗൃഹ നിരീക്ഷണത്തിലായിരുന്നു രണ്ടുപേരും.
മേവറം ജംഗ്ഷനിൽ അനധികൃതമായി ചായക്കട തുറന്ന് പ്രവർത്തിപ്പിച്ചതിന് കയ്യാലയ്ക്കൽ പറട്ടിയിൽ ഷാജഹാനെ (54) തിരെ കേസ് രജിസ്റ്റർ ചെയ്തു.
ഇരവിപുരത്തും പരിസര പ്രദേശങ്ങളിലും നിബന്ധനകൾ ലംഘിച്ച് കൂടുതൽ ആൾക്കാർ വാഹനങ്ങളിലും അല്ലാതെയും പുറത്തിറങ്ങി സഞ്ചരിക്കുകയും കൂട്ടം കൂടുകയും കുട്ടികൾ പുറത്തിറങ്ങി കളികളിലേർപ്പെടുന്നതും വർധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത്തരക്കാരെ പിടികൂടുന്നതിനും നിയന്ത്രണം ഊർജിതമാക്കുന്നതിനുമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കി.
പോലീസ് പിക്കറ്റുള്ള പ്രധാന റോഡുകൾ ഒഴിവാക്കി ഇടറോഡുകളിലും മറ്റും ആൾക്കാർ കൂട്ടം കൂടുന്നതും വാഹനങ്ങളിൽ സഞ്ചരിക്കുന്നതും കൂടിവരുന്നതിനെത്തുടർന്നാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ഇത്തരം പരിശോധന. പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിച്ചു.
ലോക്-ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങി യാത്ര ചെയ്യുന്നവർക്കെതിരെയും കൂട്ടം കൂടുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ വിവരം സിറ്റി പോലീസിനെ അറിയിച്ചാൽ മരുന്നുകൾ രോഗികളുടെ വീട്ടിൽ എത്തിക്കുന്നതിനുള്ള സംവിധാനം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി അറിയിച്ചു.