കൊല്ലം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. ഇന്നലെ പുതുതായി നിരീക്ഷണത്തിലാക്കിയ ഒരാൾ ഉൾപ്പെടെ ആകെ 11 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രികളിൽ ഉള്ളത്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 6361 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ എണ്ണം 6454 ആയിരുന്നു. പുതുതായി 46 പേരെ ഇന്നലെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
1128 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ രണ്ടാമതും അയച്ച 12 എണ്ണവും ഉൾപ്പെടും. 1099 എണ്ണവും നെഗറ്റീവ് ആണ്. ഇന്നലെ 50 ഫലങ്ങൾ വന്നതിൽ പോസിറ്റീവ് കേസുകൾ ഒന്നുമില്ല. പുതുതായി 25 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിൽ 370 പേരും സെക്കൻഡറി കോൺടാക്ടിൽ 350 പേരുമുണ്ട്. ആരോഗ്യ പ്രവർത്തകർ ഇന്നലെ 14102 വീടുകളിൽ സന്ദർശനം നടത്തി. നിലവില്‍ 1234 വാര്‍ഡുകളിലായി ആരോഗ്യ പ്രവര്‍ത്തകരുടെ 1313 സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ക്ക് പുറമേ ജനപ്രതിനിധികള്‍, വോളന്റിയര്‍മാര്‍, ജനമൈത്രി പോലിസ് എന്നിവരും കര്‍മ നിരതരാണ്. ക്വാറന്റയിനിലുള്ള 6361 പേര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
ഇതോടൊപ്പം റയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ – സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്പോണ്‍സ് ടീമുകള്‍, 11 സ്ക്വാഡുകള്‍ എന്നിങ്ങനെ 3897 പേരാണ് ഫീല്‍ഡില്‍ സജീവമായിട്ടുള്ളത്.
ജില്ലയിലെ സമൂഹ അടുക്കളകളില്‍ നിന്ന് ആവശ്യക്കാരിലേക്ക് എത്തിയത് 298102 ഭക്ഷണപ്പൊതികള്‍. 256303 ഉച്ചയൂണുകളും 25079 പ്രാതലുകളും 16720 അത്താഴപ്പൊതികളുമാണ് 94 സമൂഹ അടുക്കളകളില്‍ നിന്ന് വിതരണം ചെയ്തത്. സൗജന്യമായാണ് സമൂഹ അടുക്കളകളില്‍ നിന്ന് ഭക്ഷണം.
37 ജനകീയ ഹോട്ടലുകളില്‍ നിന്ന് 29445 ഉച്ചഭക്ഷണപ്പൊതികള്‍ 20 രൂപ നിരക്കില്‍ നല്കി. 1623 പ്രഭാത ഭക്ഷണവും 472 രാത്രിഭക്ഷണവും സബ്സിഡി നിരക്കില്‍ നല്‍കിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും പരിശോധനയും നടത്തുകയും ലംഘനങ്ങൾക്ക് നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
കൊല്ലം സിറ്റി പോലീസ് പരിധിയിൽ നിബന്ധനകൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങിയതിന് ഇന്നലേയും വിവിധ പോലീസ് സ്റ്റേഷനുകളിലായി 194 കേസുകൾ രജിസ്റ്റർ ചെയ്ത് 199 പേരെ അറസ്റ്റ് ചെയ്യുകയും 168 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ലോക്ക്-ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മാർച്ച് 24 മുതൽ ഏപ്രിൽ 11 വരെ ആകെ 4925 കേസുകൾ രജിസ്റ്റർചെയ്ത് 5014 പേരെ അറസ്റ്റ് ചെയ്യുകയും 3940 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ ഉപയോഗ യോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുക്കുന്നതിനായി പല സ്ഥലങ്ങളിലായി ഇന്നും വാഹനപരിശോധന പോലീസ് ഉൗർജിതമാക്കി.
ബിവറേജസ് ഒൗട്ട് ലെറ്റുകളും മദ്യ വിൽപ്പന ശാലകളും അടച്ച് മദ്യ വിൽപ്പന നിരോധിച്ചിരിക്കെ ചാരായ നിർമാണവും വിപണനവും തടയുന്നതിനായി കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കർശന പരിശോധനകൾ നടത്തി.
ജനങ്ങൾ ജാഗ്രത പാലിക്കേണ്ട താണെന്നും ലോക്ക് -ഡൗണ്‍ നിബന്ധനകളും നിർദേശങ്ങളും കൃത്യമായി പാലിച്ച് സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ട താണെന്നും അവശ്യകാര്യങ്ങൾക്കല്ലാതെ നിയന്ത്രണം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ റ്റി. നാരായണൻ അറിയിച്ചു.
പുനലൂർ: ലോക്ക്ഡൗൺ അവസാന ഘട്ടത്തിലേയ്ക്ക് കടന്നതോടെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിൽ കിഴക്കൻ മേഖല. ചെറുകിട വ്യാപാര മേഖലയും കെട്ടിട നിർമ്മാണമേഖലയും മറ്റു പ്രവർത്തനങ്ങളുമെല്ലാം പുനരാരംഭിയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവിടം.
കൂലിവേലക്കാരും മറ്റു ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണിനെ തുടർന്ന് കിഴക്കൻ മേഖല വലിയ തകർച്ചയെയാണ് നേരിട്ടത്. തുണിക്കടകളും മറ്റും അടച്ചതോടെ ദിവസ വേതനക്കാരായ തൊഴിലാളികൾക്കും ജോലിയില്ലാതായി.
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതായതോടെ അവരുടെ വരുമാനവും നിലച്ചു. കൂലിവേലക്കാർക്കും ജോലിയില്ലാത്ത അവസ്ഥയാണുളളത്. സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം മൂലം കുടുംബങ്ങൾ പട്ടിണിയിലായില്ല.
എന്നാൽ വാടകയ്ക്ക് താമസിയ്ക്കുന്നവരും മറ്റും ഏറെ വലഞ്ഞു. തൊഴിൽ കൂടി ഇല്ലാതായതോടെ വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണുളളത്.