എസ്.ആർ.സുധീർകുമാർ
കൊല്ലം: പുതിയ കോവിഡ് ബാധിതർ ഇല്ലാതെ ജില്ല കടന്നു പോയത് തുടർച്ചയായ 12 ദിനങ്ങൾ. ഇത് മാറ്റമില്ലാതെ തുടരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞ് വരുന്നതും ശുഭസൂചനയാണ്.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളും പ്രവാസികളും കൂട്ടത്തോടെ ജില്ലയിൽ എത്തുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. ഈ ആശങ്കകൾ പൂർണമായും അകന്നിട്ടില്ലെങ്കിലും ഇത്രയും ദിവസം കൊല്ലത്ത് കോവിഡ് എന്ന മഹാമാരി അകലം പാലിച്ചത് തന്നെ അധികാരികളുടെ നിതാന്ത ജാഗ്രതയുടെ ഫലം തന്നെയാണ്.
ആര്യങ്കാവ് അതിർത്തിയിൽ ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പോലീസും വനപാലകരും കൈകോർത്ത് ഒപ്പമുണ്ട്. ഇവിടെ രാപകൽ വ്യത്യാസമില്ലാതെയാണ് നിരീക്ഷണം.
ഇന്നലെ ജില്ലയിലാകെ ആരോഗ്യ വകുപ്പിലെ 3230 വോളണ്ടിയർമാർ 1213 ടീമുകളായി തിരിഞ്ഞ് 12194 വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ഇപ്പോൾ ആകെ നിരീക്ഷണത്തിൽ ഉള്ളത് 1182 പേരാണ്. ഇതിൽ 1175 പേരും വീടുകളിലാണ് കഴിയുന്നത്. ആശുപത്രികളിൽ ആകെ ഏഴു പേരുമുണ്ട്.
വീടുകളിലെ നിരീക്ഷണത്തിൽ നിന്ന് ഇന്നലെ മാത്രം 318 പേരെ ഒഴിവാക്കി. ആശുപത്രികളിൽ നിന്ന് മൂന്നു പേരെ ഡിസ്ചാർജ് ചെയ്തു.
ഹോം ക്വാറന്റയിനിൽ പുതുതായി 82 പേരെ കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളെ ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. ഇതുവരെ 20573 ആൾക്കാർ നിരീക്ഷണം പൂർത്തിയാക്കി.
സാമ്പിളുകൾ 2464 എണ്ണമാണ് പരിശോധനയ്ക്ക് അയച്ചത്. 2405 ഫലങ്ങൾ വന്നു. 2365 എണ്ണവും നെഗറ്റീവ് ആണ്. 59 ഫലം വരാനുണ്ട്.
ജില്ലയിൽ ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16 പേർ ആശുപത്രി വിട്ടു.
രോഗമുക്തിക്ക് ശേഷം ഒരാൾ മരണപ്പെട്ടു. മൂന്നു പേർ ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിമാനങ്ങളിലും മറ്റ് മാർഗങ്ങളിലും മലയാളികൾ വന്ന് തുടങ്ങിയതോടെ രോഗവ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ ക്വാറന്റയിൻ നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നു എന്നുറപ്പ് വരുത്താൻ കടുത്ത ജാഗ്രതയുമായി സിറ്റി പോലീസ്.
മാനദണ്ഡങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. സർക്കാർ നിർദേശം ലംഘിച്ച് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ചതിന് 96 പേർക്കെതിരെയും ലോക്ക് ഡൗണ് മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനങ്ങളിൽ സഞ്ചരിച്ചതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടിയതിനും 184 കേസുകളും രജിസ്റ്റർ ചെയ്ത് 215 പേരെ അറസ്റ്റ് ചെയ്യുകയും 149 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച നാല് കെഎസ് യു പ്രവർത്തകരേയും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഓട്ടോ -ടാക്സികൾക്ക് യാത്രാനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച നാല് കോണ്ഗ്രസ്സ് പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്യുകയും എഐറ്റിയുസി പ്രവർത്തകരായ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് പ്ലക്കാർഡ് സമരം നടത്തിയതിന് 10 ബിജെപി പ്രവർത്തകർക്കെതിരേയും അഴീക്കൽ ഹാർബറിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച 14 മത്സ്യത്തൊഴിലാളി കോണ്ഗ്രസ് പ്രവർത്തകർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലും പാരിപ്പള്ളി ജംഗ്ഷനിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് എ.ഐ.റ്റി.യു.സി പ്രവർത്തകരായ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കളക്ട്രേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് ആറ് കെഎസ് യു പ്രവർത്തകരേയും ഏഴ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരേയും അഞ്ച് മത്സ്യത്തൊഴിലാളി കോണ്ഗ്രസ് പ്രവർത്തകരേയും അഞ്ച് ഓട്ടോ ടാക്സി തൊഴിലാളികളേയും കോയിക്കൽ കോർപ്പറേഷൻ സോണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച അഞ്ച് ബിജെപി പ്രവർത്തകരേയും ചവറ തെക്കുംഭാഗം ചേനങ്കരയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് നാല് ആർഎസ്പി പ്രവർത്തകരേയും അറസ്റ്റ് ചെയ്തു.
വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ഗൃഹ നിരീക്ഷണത്തിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും കഴിയുന്നവർ യാതൊരു കാരണവശാലും ക്വാറന്റയിൻ കേന്ദ്രങ്ങളിൽ നിന്നും പുറത്തേക്ക് പോകരുതെന്നും സർക്കാർ നൽകിയ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്നും ആയതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി അറിയിച്ചു.