എസ്.ആർ.സുധീർ കുമാർ
കൊല്ലം: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം അതിഭീകരമായി തുടരുന്നു. ജില്ലയിലെ പകുതിയോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനകം കണ്ടെയിൻമെന്റ് സോൺ നിയന്ത്രണത്തിന് കീഴിലായി കഴിഞ്ഞു.
ഇന്നലെ ജില്ലയിൽ 133 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. രോഗികളുടെ എണ്ണവും സമ്പർക്കം വഴി രോഗം പിടിപെട്ടവരുടെ എണ്ണവും 100 കടക്കുന്നത് ജില്ലയിൽ ഇത് ആദ്യമാണ്.
ഇതോടൊപ്പം ജില്ലയിൽ രോഗം ഇതു വരെ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ ആയിരം കടക്കുകയും ചെയ്തു. 1078 പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു.
ഇവർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 11 പേരും ഉണ്ട്. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 13 പേർ രോഗമുക്തി നേടുകയും ചെയ്തു.
രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് 671 പേരാണ്. ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് 7443 പേരാണ്. കരുതൽ നിരീക്ഷണത്തിൽ 8153 പേരുമുണ്ട്. ഇന്നലെ മാത്രം 487 പേരെ വീടുകളിലും 133 പേരെ ആശുപത്രികളിലും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
ഇതു വരെ 23332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിൽ 4665 പേരും രണ്ടാം സമ്പർക്കത്തിൽ 1671 പേരും ഉൾപ്പെടുന്നു. ജില്ലയിലെ കോവിഡ് കണക്കുകൾ അധികൃതരെ ഞെട്ടിച്ചാണ് അനുദിനം വർധിക്കുന്നത്.
കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടും കാര്യമായ ഗുണം ഉണ്ടാകുന്നില്ല എന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഈ സ്ഥിതി തുടർന്നാൽ ജില്ലയിൽ സമ്പൂർണ അടച്ചിടൽ വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.