ആദിച്ചനല്ലൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിൽ കഴിഞ്ഞ രോഗി ഓട്ടോ പിടിച്ച് വീട്ടിലെത്തി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെതുടർന്ന് ചാത്തന്നൂർ പോലീസും ആരോഗ്യപ്രവർത്തകരും രോഗിയുടെ വീട്ടിലെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരമാണ് ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശിയായ 85 കാരൻ മെഡിക്കൽ കോളജിൽനിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നത്. ഓട്ടോറിക്ഷയിൽ നേരെ വീട്ടിലെത്തി അകത്തുനിന്നും ഗേറ്റ് പൂട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മറ്റൊരിടത്ത് ക്വാറന്റൈയിലായിരുന്നു.
തുടർന്ന് പോലീസും ആരോഗ്യപ്രവർത്തകരും വാർഡ് മെന്പറും നാട്ടുകാരും ഇടപെട്ട് തിരികെ ആംബുലൻസിൽ അയയ്ക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഇദ്ദേഹം വഴങ്ങിയില്ല.
പിന്നീട് മണിക്കൂറുകൾക്കു ശേഷം വഴങ്ങുകയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.