കൊല്ലം കോവിഡ്-19 (കൊറോണ) ബാധിത പ്രദേശങ്ങളില് നിന്നെത്തുന്നവര് ഉടന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്. വിവരം മറച്ചുവയ്ക്കുന്നത് കുറ്റകരമായി കണക്കാക്കും. രോഗബാധ സംശയം ഉള്ളവരുടെ അയല്പക്കക്കാരും വിവരം അറിയിക്കാന് ശ്രദ്ധിക്കണം.
വിദേശത്ത് നിന്ന് എത്തിയവരില് നിന്നും തദ്ദേശവാസികളായ രണ്ടുപേര്ക്ക് രോഗം പകര്ന്ന സാഹചര്യത്തില് അതീവ ശ്രദ്ധ പുലര്ത്തേണ്ട സഹചര്യമുണ്ട്. യഥാസമയം രോഗവിവരം അറിയിച്ചിരുന്നുവെങ്കില് രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടവര്ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാമായിരുന്നു.
സമൂഹമാകെ രോഗബാധ സംബന്ധിച്ചു ജാഗ്രത പുലര്ത്തേണ്ടതുണ്ട്. വിദേശത്തു നിന്ന് വന്നവര് നിര്ബന്ധമായും 28 ദിവസം ഗൃഹനിരീക്ഷണത്തില് കഴിയണം. ശക്തമായ നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവരുടെ വിവരശേഖരണം പുരോഗമിക്കുന്നു.
പനി, ചുമ എന്നീ ലക്ഷണങ്ങള് കണ്ടാലുടന് കണ്ട്രോള് റൂമുമായി ബന്ധപ്പെടണം. നിര്ദേശങ്ങള് അനുസരിക്കാത്തവരെ പൊതുജനാരോഗ്യ നിയമമനുസരിച്ച് നിയമ നടപടിക്ക് വിധേയമാക്കി ആവശ്യമെങ്കില് അറസ്റ്റ് ഉള്പ്പടെ നടത്തി ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിക്കുമെന്ന് ജില്ലാ കളക്ടര് ബി അബ്ദുല് നാസര് മുന്നറിയിപ്പ് നല്കി.
രോഗലക്ഷണങ്ങള് ഉള്ളവര് പൊതുസ്ഥലങ്ങളില് ഇറങ്ങി നടക്കുകയോ യാത്രക്ക് പൊതുവാഹനങ്ങള് ഉപയോഗിക്കുകയോ ചെയ്യരുത്. ഉത്സവത്തിനോ ഇതര ആഘോഷങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കരുത്. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്ന വിദേശികളും പൊതുചടങ്ങുകളില് പങ്കെടുക്കരുത്.
16 ആരോഗ്യ ബ്ലോക്ക് മേഖലകളിലായി ഹെല്ത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. കൊട്ടാരക്കര താലൂക്കാശുപത്രി, കൊല്ലം ജില്ലാ കണ്ട്രോള് റൂം, ഐസൊലേഷന് സൗകര്യമുള്ള പാരിപ്പള്ളി മെഡിക്കല് കോളജ് ആശുപത്രി എന്നിവടങ്ങളില് മൂന്നു ആംബുലന്സുകളും സജ്ജമാക്കിയിട്ടുണ്ട്.
കൊല്ലം റെയില്വേ സ്റ്റേഷന്, ബസ് സ്റ്റാന്റുകള്, ഉത്സവാഘോഷങ്ങള് നടക്കുന്നയിടങ്ങള് തുടങ്ങിയ സ്ഥലങ്ങളില് ആരോഗ്യ സന്ദേശങ്ങള് പതിച്ച തൊപ്പികള്, വിശറികള് എന്നിവ നല്കും. പ്രാഥമികാരോഗ്യ സ്ഥാപനങ്ങള് വഴി ലഘു നോട്ടീസുകള് വിതരണം ചെയ്യും.
വിവാഹ ചടങ്ങുകള്, രോഗീ സന്ദര്ശനങ്ങള്, പൊതു ആരാധനകള് തുടങ്ങിയവയില് പങ്കെടുക്കുന്നതില് സ്വമേധയാ നിയന്ത്രണം പാലിക്കുന്നത് അഭികാമ്യമാണെന്നും കളക്ടര് വ്യക്തമാക്കി. സിവില് സ്റ്റേഷനില് 24 മണിക്കൂറും പ്രവര്ത്തനസജ്ജമായ എമര്ജന്സി ഓപ്പറേഷന്സ് സെന്ററില് കൊറോണ വൈറസ് ബാധയെക്കുറിച്ചുളള സംശയ ദൂരീകരണത്തിനും വിവരങ്ങള് കൈമാറുന്നതിനുമായി ഏര്പ്പെടുത്തിയിരിക്കുന്ന ഫോണ് നമ്പറുകള് 8589015556, 0474-2797609, 1077 എന്നിവയാണ്.
ഇവ കൂടാതെ 7306750040 എന്ന ഒരുനമ്പര് ഫോണ് സന്ദേശങ്ങള് പൂര്ണ്ണമായും ഒഴിവാക്കി വാട്സ് ആപ്പ് സന്ദേശങ്ങള് മാത്രം സ്വീകരിക്കാനായി സജ്ജീകരിച്ചിട്ടുമുണ്ട്. ഇവക്ക് പുറമേയുള്ളതാണ് ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല ടോള് ഫ്രീ നമ്പരായ 1056.