
കൊല്ലം: കൊല്ലം ജില്ലയിൽ ഗർഭിണി ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി നിസാമുദീനിൽനിന്നു മടങ്ങിവന്ന യുവതിക്കും ഖത്തറിൽനിന്നു മടങ്ങിവന്ന യുവതിക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്.
നിസാമുദീനിൽ സമ്മേളനത്തിനു പോയ പുനലൂർ വാളക്കോട് സ്വദേശിനി മുംബൈ വഴി 24-നാണ് മടങ്ങിയെത്തിയത്. ഇവർ ഭർത്താവുമൊത്തു കഴിഞ്ഞദിവസം ബൈക്കിൽ പോയതായും റിപ്പോർട്ടുണ്ട്.
27 വയസുള്ള ഗർഭിണി ഖത്തറിൽനിന്നാണു നാട്ടിലെത്തിയത്. കടയ്ക്കൽ ഇട്ടിവ വെളിന്തറ സ്വദേശിനിയാണ് ഇവർ. കഴിഞ്ഞ ഇരുപതിനാണു ഭർത്താവുമൊത്ത് ഇവർ ഖത്തറിൽനിന്ന് എത്തിയത്. അന്നു മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു.
മൂന്നുമാസം മുന്‍പാണു വിസിറ്റിംഗ് വീസയിൽ ഇവർ ഖത്തറിലെ ഭർത്താവിന്റെ അരികിലേക്കു പോയത്. ഇവർക്കു രോഗം സ്ഥിരീകരിച്ചതോടെ ഇട്ടിവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരോടും നഴ്സുമാരോടും ക്വാറന്ൈറനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
കൊല്ലത്ത് രോഗം സ്ഥിരീകരിച്ച ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.