തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റയാൾക്കു കോവിഡ്-19 രോഗബാധയുണ്ടെന്നു സംശയം. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിലേക്കു മാറ്റി. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കൊല്ലത്തു നിരീക്ഷണത്തിലായിരുന്ന ആളാണു പുറത്തിറങ്ങി വാഹനാപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുനലൂരിനു സമീപമാണ് അപകടമുണ്ടായത്. പത്തു ദിവസം മുന്പു സൗദിയിൽ നിന്നെത്തിയ ആൾ ആരോഗ്യ വകുപ്പിന്റെ നിർദേശം മറികടന്നാണു പുറത്തിറങ്ങിത്.
നിരീക്ഷണത്തിലായിരുന്ന ആളാണ് എന്നതറിയാതെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇയാൾക്കു ചികിത്സ നൽകി. അപകടം നടക്കുന്ന സമയത്ത് ഇയാളുടെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിക്കും രോഗലക്ഷണങ്ങളുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാൽറ്റിയിലും സർജറി വിഭാഗത്തിലും ഇദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദേശിച്ചു. കോവിഡ് നിരീക്ഷണത്തിലാണെന്ന വിവരം അറിയിക്കാതെയാണ് ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.
അതേസമയം ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. സ്പെയിനിൽ പോയിവന്ന ഡോക്ടർക്കാണു കോവിഡ്-19 ബാധിച്ചത്. രോഗമുണ്ടെന്നറിയാതെ ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നു.