കോട്ടയം: കൊറോണ ബാധിതരായി ഇറ്റലിയിൽനിന്ന് റാന്നിയിലെത്തിയ മൂന്നു പേർ യാത്ര ചെയ്ത വിമാനത്തിലുണ്ടായിരുന്ന കോട്ടയം ജില്ലക്കാരായ യാത്രക്കാരെ ആരോഗ്യവകുപ്പ് വീടുകളിലെത്തി ആരോഗ്യനില നിരീക്ഷിച്ചുവരുന്നു. ഇതേ വിമാനത്തിലുണ്ടായിരുന്ന 162 യാത്രക്കാരിൽ 10 പേർ കോട്ടയം ജില്ലക്കാരാണെന്നാണ് സൂചന.
വിമാനത്താവളത്തിൽനിന്നും ലഭിച്ച പേരുകളുടെ അടിസ്ഥാനത്തിൽ വിലാസം കണ്ടെത്തിയാണ് അടിയന്തിര ജാഗ്രതാനടപടികൾ. കൊറോണ ബാധിതരെ നെടുന്പാശേരിയിൽനിന്നു വാഹനത്തിൽ നാട്ടിലേക്കു കൊണ്ടുവന്ന മൂന്നു കോട്ടയം ചെങ്ങളം സ്വദേശികളും രോഗബാധിതരുടെ മാതാപിതാക്കളും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുണ്ട്.
വയോധികരായ മാതാപിതാക്കൾക്ക് ഞായറാഴ്ച മുതൽ പനി ബാധിച്ച സാഹചര്യത്തിൽ വിദഗ്ധ ചികിത്സ നൽകിവരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. സമീപദിവസങ്ങളിൽ നിന്ന് ഇറ്റലിയിൽനിന്ന് എത്തിയവരുടെ വിലാസവും ശേഖരിക്കുന്നുണ്ട്
. ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ 28 ദിവസം ജാഗ്രതപുലർത്താനും പൊതുസമൂഹത്തിൽനിന്ന് മാറിനിൽക്കാനുമാണ് നിർദേശമുള്ളത്. ഗൾഫിൽനിന്നുൾപ്പെടെ മറ്റിടങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ജാഗ്രത പുലർത്തണം.