കോട്ടയം: മറ്റു ജില്ലകളിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയ 61 പേരെ കോട്ടയം ജില്ലയിൽ കണ്ടെത്തി. നിസാമുദ്ദീൻ തബ് ലിഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയശേഷം രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കളായ 11 പേരും ഇതിൽ ഉൾപ്പെടുന്നു.
ആലപ്പുഴ സ്വദേശി കോട്ടയം നഗരത്തിലെ ബന്ധുവീട് സന്ദർശിച്ചിരുന്നു. ഈ വീട്ടിലുള്ള 10പേരെയും ഇതേ സമയത്ത് ഈരാറ്റുപേട്ടയിൽനിന്ന് ഇവിടെയെത്തിയ ബന്ധുവിനെയുമാണ് പ്രൈമറി കോണ്ടാക്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും നിസാമുദ്ദീൻ സന്ദർശിച്ചവരെയും ഇവരിൽ രോഗം സ്ഥിരീകരിച്ചവരുമായി സന്പർക്കം പുലർത്തിയവരെയും സാന്പിൾ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്.
ഇതിനുസരിച്ച് ശനിയാഴച രാത്രി കോട്ടയം ജനറൽ ആശുപത്രിയിൽ 11 പേരുടെയും സാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇവരിൽ മൂന്നു പുരുഷൻമാരും മൂന്നു സ്ത്രീകളും അഞ്ച് കുട്ടികളുമാണുള്ളത്.
ഇതിൽ മൂന്നു കുട്ടികൾക്ക് നാളിതുവരെ പൾസ് പോളിയോ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകളൊന്നും നൽകിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.