കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ എട്ടു പേർക്കു കോവിഡ് രോഗം സ്ഥിരീകരിക്കുകയും 12 പേർക്കു രോഗം ഭേദപ്പെടുകയും ചെയ്തു. രോഗമുക്തരായ 10 പേർ കോട്ടയം ജനറൽ ആശുപത്രിയിൽനിന്നും രണ്ടു പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുമാണ് വീട്ടിലേക്കു മടങ്ങിയത്. ഇതിൽ ഇടുക്കി സ്വദേശിയും ഉൾപ്പെടുന്നു.
ഇതോടെ ജില്ലയിൽ നിന്നു രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. മുംബൈയിൽ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച കുറവിലങ്ങാട് സ്വദേശിനി(29), കുവൈറ്റിൽ നിന്നെത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച മറ്റക്കര സ്വദേശിനി (45), അബുദാബിയിൽ നിന്നെത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശി (26),
പൂനെയിൽ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച തിരുവാതുക്കൽ സ്വദേശി(32), കുവൈറ്റിൽ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച അയർക്കുന്നം സ്വദേശിനി (51), മുംബൈയിൽ നിന്നെത്തി മേയ് 29 ന് രോഗം സ്ഥിരീകരിച്ച അയർക്കുന്നം സ്വദേശിനി (14), മുംബൈയിൽ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച ഒളശ സ്വദേശി (24), കുവൈറ്റിൽ നിന്നെത്തി
ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച ളാക്കാട്ടൂർ സ്വദേശി (25), മുംബൈയിൽ നിന്നെത്തി ജൂണ്‍ അഞ്ചിന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശി (31), മുംബൈയിൽ നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച പൂവരണി സ്വദേശി (12), കുവൈറ്റിൽ നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(30), കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി എന്നിവരാണ് രോഗം ഭേദമായവർ.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്തുനിന്നും രണ്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നാലുപേർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും മൂന്നുപേർ വീട്ടിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. സൗദി അറേബ്യയിൽനിന്ന് ജൂണ്‍ 20 ന് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മാടപ്പള്ളി സ്വദേശി (46),
ഹരിയാനയിൽനിന്ന് ജൂണ്‍ 16 ന് എത്തി അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നീണ്ടൂർ കൈപ്പുഴ സ്വദേശി (35), കുവൈറ്റിൽനിന്ന് ജൂണ്‍ 16 ന് എത്തി അതിരന്പുഴയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വെള്ളൂർ സ്വദേശി (34), കുവൈറ്റിൽനിന്ന് ജൂണ്‍ 13 ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അതിരന്പുഴ സ്വദേശി (23), ദുബായിൽനിന്ന്
ജൂണ്‍ 17 ന് എത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശിനി (47), ദുബായിൽനിന്ന് ജൂണ്‍ 17 ന് എത്തിയശേഷം രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിനിയുടെ മകൾ (20), ഖത്തറിൽനിന്ന് ജൂണ്‍ 21 ന് എത്തി എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി (52) തുടങ്ങിയവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഷില്ലോംഗിൽനിന്ന് ജൂണ്‍ ആറിന് അമ്മയ്ക്കും സഹോദരിക്കും ഒപ്പമെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോട്ടയം കളത്തിപ്പടിയിൽനിന്നുള്ള ഒന്‍പതു വയസുകാരന് രോഗലക്ഷണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.( അമ്മയുടെയും സഹോദരിയുടെയും പരിശോധനാഫലം ലഭിച്ചിട്ടില്ല.)ഇവർ ഉൾപ്പെടെ 93 പേരാണ് ചികിത്സയിലുള്ളത്.
31 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 30 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 28 പേർ പാലാ ജനറൽ ആശുപത്രിയിലും നാലു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.