കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ ഏഴു പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്നു പേർക്കു രോഗം ഭേദമാകുകയും ചെയ്തു. അതേസമയം ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയായ എഴുപതുകാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല.
ഇയാൾക്ക് സന്പർക്കം മൂലമാണ് രോഗമുണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കു വിധേയനാവുകയാണ്.
ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അർബുദ രോഗിയായ ഇയാൾ കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
തുടർന്നു കോട്ടയത്തെ ആശുപത്രിയിൽ തുടർ ചികിത്സയും നടത്തിയിരുന്നു. നാളുകൾക്കു മുന്‍പു ബംഗളൂരുവിൽ നിന്നു നാട്ടിലെത്തിയ ഒരാൾ ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നതായി പറയുന്നു. ഇയാളുടെ സന്പർക്ക പട്ടിക ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ച ബാക്കിയുള്ള ആറു പേരിൽ മൂന്നു പേർ ഡൽഹിയിൽനിന്നും ഒരാൾ മുംബൈയിൽനിന്നും രണ്ടു പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഇവർ ആറു പേരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ഡൽഹിയിൽ നിന്ന് ജൂണ്‍ 15 ന് എത്തിയ രാമപുരം സ്വദേശി (37), കുവൈറ്റിൽ ജൂണ്‍ 19 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (50), മുംബൈയിൽനിന്ന് നിന്ന് ജൂണ്‍ ആറിന് എത്തിയ തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12), രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
റിയാദിൽനിന്ന് ജൂണ്‍ 10 ന് എത്തിയ പാന്പാടി സ്വദേശി (52), ഡൽഹിയിൽനിന്ന് ജൂണ്‍ എട്ടിന് എത്തിയ കല്ലറ സ്വദേശി (42), ഡൽഹിയിൽനിന്ന് ജൂണ്‍ 13 ന് എത്തിയ മറവന്തുരുത്ത് സ്വദേശിനി(65), എന്നിവർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
മുംബൈയിൽനിന്ന് എത്തി ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കോട്ടയം ആറുമാനൂർ സ്വദേശിനി (29), കുവൈറ്റിൽനിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിനി (34), ഡൽഹിയിൽനിന്ന് എത്തി ജൂണ്‍ 11ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂർ സ്വദേശിനി (34) എന്നിവരാണ് രോഗം ഭേദമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ 97 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 33 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 30 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 30 പേർ പാലാ ജനറൽ ആശുപത്രിയിലും നാലു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് കഴിയുന്നത്.
ഇതുവരെ രോഗമുക്തരായ 79 പേർ ഉൾപ്പെടെ 176 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്.