കോട്ടയം: കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നലെ ആറുമാസം കഴിഞ്ഞു. ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് അഞ്ചു മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം. രോഗം പിടിപെട്ടാലും ഇല്ലെങ്കിലും കൊറോണ വൈറസ് ജില്ലയിലെ ആളുകളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു.
ആളുകളുടെ മനോഗതി, ജീവിത രീതി, ജോലി, ഭക്ഷണം, വിദ്യാഭ്യാസ രീതി, യാത്ര തുടങ്ങി എല്ലാ കാര്യങ്ങളിലും സമൂലമായ മാറ്റം വന്നു. ആളുകൾ ഇന്ന് ഏറ്റവും കൂടുതൽ സംസാരിക്കുന്ന വിഷയവും കോവിഡ് തന്നെ.
കോവിഡ് വ്യാപനം തടയുന്നതിനായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിലും ജില്ല ഒന്നരമാസത്തോളം നിശ്ചലമായി. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സമൂഹ അടുക്കളകൾ തുറന്നു. നാടും നാട്ടാരും സഹായഹസ്തങ്ങളുമായി സന്നദ്ധസേനാംഗങ്ങളായി.
രോഗികളുടെ എണ്ണം വർധിക്കുകയും പ്രതിദിന നിരക്ക് ഉയരുകയും ചെയ്യുന്നുണ്ടെങ്കിലും വൈറസിനോടൊപ്പം ജീവിക്കുകയും ജാഗ്രതയോടെ അതിജീവിക്കുകയുമാണ് കോട്ടയംകാർ.
ആദ്യം രോഗം സ്ഥിരീകരിച്ചത് തിരുവാർപ്പിലെ ദന്പതികൾക്ക്
മാർച്ച് 10ന് ഇറ്റലിയിൽനിന്നും പത്തനംതിട്ടയിലെത്തിയ കുടുബത്തെ കാറിൽ കൊണ്ടുവരാൻ പോയ തിരുവാർപ്പ് സ്വദേശിക്കും ഭാര്യക്കുമാണ് ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇവർ കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരെ ചികിത്സിച്ച നഴ്സിനാണ് രണ്ടാമത് രോഗം സ്ഥിരീകരിച്ചത്.
ഏപ്രിൽ നാലു മുതൽ 21 വരെയും മേയ് നാലു മുതൽ 11 വരെയും ജില്ലയിൽ ഒരാൾക്കു പോലം രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇക്കാലയളവിൽ ജില്ലയെ ഗ്രീൻ സോണായി പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 22നു കോട്ടയം മാർക്കറ്റിൽ ലോഡിറക്കാൻ വന്ന തൊഴിലാളിക്കും ലോറി ഡ്രൈവർക്കും രോഗം പിടിപെട്ടതോടെ ഒറ്റയടിക്ക് 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗ്രീൻ സോണ് റെഡ് സോണായി.
ഒരു മരണം, രോഗികൾ ആയിരത്തിനു മുകളിൽ
1106 പേർക്കാണു ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 541 പേർ ഇപ്പോൾ ചികിത്സയിലാണ്. 564 പേർ സുഖം പ്രാപിച്ചു. ഒരാൾ മരണപ്പെട്ടു. (30-07-2020 കണക്കു പ്രകാരം) കോട്ടയം ചുങ്കം സ്വദേശി ഔസേഫ് ജോർജാണു മരിച്ചത്.
ശ്വാസതടസത്തെ തുടർന്നു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 28നാണ് രോഗികളുടെ പ്രതിദിന വർധന ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 118 പേർക്കാണ് അന്നു രോഗം സ്ഥിരീകരിച്ചത്.
സൗകര്യങ്ങളുമായി കോവിഡ് ആശുപത്രികൾ
കോട്ടയം മെഡിക്കൽ കോളജും, കോട്ടയം ജനറൽ ആശുപത്രിയുമാണ് ജില്ലയിലെ കോവിഡ് ആശുപത്രികൾ. കൂടാതെ ഏഴു പ്രാഥമിക പരിചരണ കേന്ദ്രങ്ങളുമുണ്ട്.
പാലാ ജനറൽ ആശുപത്രിയിലെ ഒരു കെട്ടിടം, മുട്ടന്പലം സർക്കാർ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, അകലക്കുന്നം കെ.ആർ. നാരായണൻ മെമ്മോറിയൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കുറിച്ചി ഹോമിയോ ആശുപത്രി, ചങ്ങനാശേരി മീഡിയ വില്ലേജ്, നാട്ടകം പോളിടെക്നിക് കോളജ് ഹോസ്റ്റൽ, മംഗളം എൻജിനിയറിംഗ് കോളജ് എന്നിവയാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായി ഇപ്പോൾ പ്രവർത്തിക്കുന്നത്. പത്തിൽപ്പരം കേന്ദ്രങ്ങൾ തയാറാക്കിയിട്ടുമുണ്ട്.
സുശക്തമായ കോവിഡ് മോനിട്ടറിംഗ് സമിതി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലയുടെ ചുമതല ഭക്ഷ്യമന്ത്രി പി. തിലോത്തമനാണ്. മന്ത്രി പി. തിലോത്തമൻ, ജില്ലാ കളക്ടർ എം. അഞ്ജന, ജില്ലാ പോലീസ് ചീഫ് എസ്. ജയദേവ്, സ്പെഷൽ ഓഫീസർ രേണുരാജ്, ഡിഎംഒ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരോഗ്യം, റവന്യു, പോലീസ്, ഫയർ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലെ അന്പതിൽപ്പരം പേരടങ്ങുന്ന സമിതിയാണ് കോവിഡ് മോനിട്ടറിംഗ് സമിതി.
ഈ സമിതിയുടെ മേൽനോട്ടത്തിൽ എല്ലാ ദിവസവും ദുരന്ത നിവാരണ അഥോറിട്ടിയുടെ യോഗം ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. കണ്ടെയ്ൻമെന്റ് സോണുകൾ, ഹോട്ട്സ്പോട്ടുകൾ, ട്രിപ്പിൾ ലോക്ഡൗണ്, നിയന്ത്രണങ്ങളും നിർദേശങ്ങളും തുടങ്ങിയ കാര്യങ്ങൾ ഈ യോഗത്തിലാണ് തീരുമാനിക്കുന്നത്. 24 മണിക്കൂറും ഈ സമിതി പ്രവർത്തിക്കുന്നു.
നാണക്കേടായി പായിപ്പാട്, മുട്ടന്പലം സംഭവങ്ങൾ
കോവിഡ് ബാധിച്ചു മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുട്ടന്പലം പൊതു ശ്മശാനത്തിനു മുന്പിലുണ്ടായ പ്രശ്നങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജില്ലയ്ക്ക് നാണക്കേടായി.
ചില രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ജനങ്ങളുടെ പ്രതിഷേധത്തിനു കൂട്ടുനിന്നത് വിവാദമാകുകയും വലിയ ചർച്ചയാകുകയും ചെയ്തു.
ലോക്ഡൗണ് കാലത്ത് ഏപ്രിൽ 27ന് പായിപ്പാട്ട് ആയിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു സംഘടിച്ചതും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജില്ലയിൽ നാണക്കേടുണ്ടാക്കിയ സംഭവങ്ങളാണ്.
തലപ്പാടിയിലും മെഡി. കോളജിലും പരിശോധന
പുതുപ്പള്ളിക്കുസമീപം തലപ്പാടിയിലുള്ള എംജി യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ബയോ മെഡിക്കൽ റിസേർച്ച് സെന്ററിലും കോട്ടയം മെഡിക്കൽ കോളജിലുമാണ് ജില്ലയിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ.
മറ്റു ജില്ലകളിൽനിന്നും വ്യത്യസ്തമായി ഗ്രാമീണ മേഖലകളിൽ മൊബൈൽ കളക്ഷൻ സെന്ററുകളും എത്തുന്നുണ്ട്. കോവിഡ് വ്യാപിക്കുന്ന കേന്ദ്രങ്ങളിൽ വ്യാപകമായി ആന്റിജെൻ ടെസ്റ്റുകളും നടത്തിവരുന്നു.
ഇതര സംസ്ഥാനക്കാരെ നാട്ടിലെത്തിച്ചു; പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ 90 ശതമാനം ഇതര സംസ്ഥാനക്കാരെയും സ്വദേശത്തേക്ക് മടക്കി അയച്ചു. പോലീസും റവന്യു, ആരോഗ്യ വകുപ്പും ചേർന്ന് ഒരു മാസം നടത്തിയ തീവ്രശ്രമത്തിലാണ് 23000ത്തിലധികം ഇതര സംസ്ഥാനക്കാരെ ട്രെയിനുകളിൽ മടക്കി അയച്ചത്.
ഇവർ താമസിക്കുന്ന സ്ഥലങ്ങളിൽനിന്നും കെഎസ്ആർടിസി ബസുകളിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ആവശ്യമായ പരിശോധനകൾ നടത്തി. ഭക്ഷണവും യാത്രാക്കൂലിയും നൽകിയാണു മടക്കിയത്.
മേയ് ഏഴു മുതലാണു പ്രവാസികൾ ജില്ലയിലേക്ക് മടങ്ങിവരാൻ തുടങ്ങിയത്. ഇവർക്ക് കോതനല്ലൂരും കളത്തിപ്പടിയിലും വിപുലമായ രീതിയിൽ ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കി. ഇപ്പോഴും പ്രവാസികളും ഇതര സംസ്ഥാനക്കാരും മടങ്ങി വന്നുകൊണ്ടിരിക്കുന്നു. ഇവർക്ക് ഇപ്പോൾ ഹോം ക്വാന്റൈനാണ്.
ആശങ്കയിൽ ഏറ്റുമാനൂരും ചങ്ങനാശേരിയും
ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും സമൂഹവ്യാപനത്തിന്റെ പടിവാതിൽക്കൽ എന്നപോലെ രോഗം പടർന്നത് ആശങ്ക ഉയർത്തി. ഇപ്പോഴും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടിടത്തും മാർക്കറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു രോഗവ്യാപനം. രോഗ വ്യാപനം തടയുന്നതിനായി ഇപ്പോൾ ഏറ്റുമാനൂർ നഗരം പൂർണമായും അടച്ചിരിക്കുകയാണ്.
ചങ്ങനാശേരി മാർക്കറ്റും അടച്ചിരുന്നെങ്കിലും ഇപ്പോൾ നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്. കൂടുതൽ ആന്റിജെൻ പരിശോധന നടത്തിയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയുമാണ് രണ്ടിടത്തും ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.