ഗാന്ധിനഗർ (കോട്ടയം): കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ നില ഗുരുതരമായി തുടരുന്നു.
വാർധക്യ സഹജമായ വിവിധരോഗങ്ങൾ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയിൽനിന്ന് രോഗബാധിതരായി എത്തിയവരുമായുള്ള സന്പർക്കത്തിൽ ഇവർക്കും കൊറോണ പിടിപെട്ടത്. വയോധികയുടെ കൊച്ചുമകൻ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്.
പത്തനംതിട്ടയിലെ ആശുപത്രിയിൽനിന്നു കോട്ടയം മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണ വിഭാഗത്തിൽ കഴിയവേ 85കാരിക്ക് ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടു. തുടർന്ന് വയോധികയെ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റി. വയോധികയുടെ ഭർത്താവായ 92കാരനും രോഗമുണ്ട്.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെയും വീടുകളിൽ പൊതു സന്പർക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാന്പിളുകളാണ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ദന്പതികളുടെ കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ ജില്ലയിൽനിന്ന് പരിശോധനയ്ക്കയച്ച 54 സാന്പിളുകളിൽ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു.
15 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മൂന്നു സാന്പിളുകൾ പരിശോധനയ്ക്കെടുക്കാതെ തള്ളുകയും ചെയ്തു.