ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. റാന്നി ഐത്തല സ്വദേശികളായ വയോധികരായ ദന്പതികളും ഇവരുടെ അടുത്ത ബന്ധുക്കളായ തിരുവാർപ്പ് ചെങ്ങളം സ്വദേശികളായ യുവദന്പതികൾക്കുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.
യുവദന്പതികളുടെ നാലര വയസുള്ള മകൾക്ക് രോഗം ബാധിച്ചില്ല. ഇതിനിടയിൽ ഇന്നലെ വൈകുന്നേരം ചെങ്ങളത്തുനിന്ന് ഒരു വയസുള്ള കുട്ടിയേയും, റാന്നി പഴവങ്ങാടിയിൽനിന്ന് 36 വയസുള്ള യുവതിയേയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ രക്ത, സ്രവ സാന്പിളുകളുടെ പരിശോധനാ ഫലം 48 മണിക്കൂറിനകം ലഭിക്കും. ഇന്നലെ രണ്ടുപേർ കൂടി ഐസലേഷൻ വിഭാഗത്തിൽ എത്തിയതോടെ ഇവിടെ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി.
രോഗലക്ഷണവുമായി നിരീക്ഷണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. രോഗം പൂർണമായും മാറിയാലും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള 28 ദിവസം കഴിഞ്ഞെങ്കിൽ മാത്രമേ ഇവർക്ക് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ കഴിയൂ.