കോട്ടയം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവു ലംഘിക്കുന്നവർക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കർശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു.
മത ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ, കായിക മേളകൾ, മത്സരങ്ങൾ തുടങ്ങിയവയും പൊതു സ്ഥലങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ ആൾക്കൂട്ടങ്ങളും നിരോധിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി സർക്കാർ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര ശാലകളിൽ കൂടുതൽ ആളുകൾ വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം.
സർക്കാർ ഉത്തരവു ലംഘിച്ചു ചടങ്ങുകളും സമ്മേളനങ്ങളും കായിക മത്സരങ്ങളും നടത്തുന്നതിനെതിരെ പോലീസ് ജാഗ്രത പുലർത്തുകയും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി സ്വീകരിക്കുകയും ചെയ്യും.
നാടിന്റെ സുരക്ഷയ്ക്കുവേണ്ടി സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കളക്്ടർ അറിയിച്ചു.