ഗാന്ധിനഗർ: വിദേശത്തുനിന്ന് 15 ദിവസത്തിനുള്ളിൽ എത്തിയവരാണോ നിങ്ങൾ? പനിയോ ചുമയോ ഉണ്ടെങ്കിൽ അത്യാഹിത വിഭാഗത്തിലെ മഞ്ഞ മേഖലയുമായി (യെല്ലോ സോണ്‍) ബന്ധപ്പെടുക.
ഒരു കാരണവശാലും ഒപി ചീട്ട് എടുക്കുന്നതിന് കൗണ്ടറിൽ പോകുകയോ, അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുക ചെയ്യരുതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സൂചനാബോർഡിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണിത്.
കോവിഡ് 19 രോഗലക്ഷണമുള്ള നാലുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ നീരിക്ഷണത്തിൽ കഴിയുന്നതിനാലാണ് ആശുപത്രി കോന്പൗണ്ടിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കൊറോണ ഭീതിയെ തുടർന്ന് അനാവശ്യമായും നിരവധിപേർ സംശയ നിവാരണത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആരോഗ്യ വകുപ്പിന്റെ ദിശ പോലുള്ള സംവിധനങ്ങളോടോ, പ്രൈമറി ഹെൽത്ത് വിഭാഗങ്ങളെയോ ബന്ധപ്പെട്ടാൽ സംശയ നിവാരണത്തിന് പരിഹാരമാകും.
രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുതിയ അത്യാഹിത വിഭാഗത്തിന്റെ രണ്ടാം നിലയിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൊറോണ ഒപിയിൽ നേരിട്ട് എത്തിയാൽ മതി.
അവിടെ നിന്നും ഒപി ചീട്ട് ലഭിക്കുന്നതിനുള്ള സൗകര്യവും പരിശോധിക്കുന്നതിന് ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ഇന്നലെ മുതൽ ആരംഭിച്ച കൊറോണ ഒപിയിൽ 30 പേർ ഇതിനകം എത്തിയിരുന്നു.
ആർക്കും തന്നെ രോഗലക്ഷണമുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. കൊറോണ ഭീതി ഒഴിയും വരെ 24 മണിക്കൂറും ഈ ഒപിയുടെ പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.