ഗാന്ധിനഗർ: കൊറോണ നിരീക്ഷണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി വാർഡിന് പുറത്തു പോയി പൊതുജനങ്ങളുമായി സന്പർക്കം പുലർത്തുന്നതിൽ ആശങ്ക.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കൊറോണ നിരീക്ഷണ വാർഡിൽ ചികിത്സയിൽ കഴിയുന്ന മംഗലാപുരം സ്വദേശിയായ 70 കാരനാണ് വാർഡിൽനിന്ന് പുറത്തുപോയി സമീപത്തെ കടയിൽ നിന്നും ചായ കുടിക്കുകയും ആശുപത്രി റോഡിന്റെ എതിർ ഭാഗത്തുള്ള കടയിൽ പോയി സിഗരറ്റ് വാങ്ങി വലിക്കുകയും ചെയ്തത്.
ഇയാൾ ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ചയും പുറത്തു പോയിരുന്നു. ബുധനാഴ്ച ഇയാൾ പോയി അധികം താമസിയാതെ തന്നെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കൊറോണ നിരീക്ഷണ വിഭാഗത്തിലെത്തിച്ചു.
ഇന്നലെ ഇയാൾ പുറത്തു പോയി ഭക്ഷണം കഴിച്ചശേഷം സിഗററ്റ് വാങ്ങിയശേഷം വാർഡിൽ തനിയെ പ്രവേശിക്കുകയായിരുന്നു. ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയത്തിന്റെ പേരിൽ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പരിശോധനാ ഫലം ഇന്നോ നാളയോ ലഭിക്കും. ഫലം പോസറ്റീവായാൽ ഇയാൾ പുറത്തിറങ്ങി നടന്ന തിന്റെ പേരിൽ സന്പർക്കത്തിലായ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ചില ഭക്ഷണശാല ജീവനക്കാർക്കും ആശങ്കയാകും.