ഗാന്ധിനഗർ: രോഗലക്ഷണങ്ങളുമായി അത്യാഹിത വിഭാഗത്തിലെത്തിയ ആൾക്ക് വൈറൽ പനിയാണെന്നു ഡോക്ടർ. സ്രവ പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ്. കോട്ടയം മെഡിക്കൽ കോളജിലാണ് സംഭവം.
തൊണ്ടവേദനയും ജലദോഷവുമായി അത്യാഹിത വിഭാഗത്തിലെത്തിയ വൈക്കം സ്വദേശിയായ മെഡിക്കൽ കോളജ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഡ്യൂട്ടി ചെയ്യുന്പോൾ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ ഇയാൾ തുടർന്ന് അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണിലെത്തി ഡോക്ടറെ കണ്ടു. വൈറൽ പനിയാണെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു നൽകി പറഞ്ഞു വിടുകയും ഇയാൾ ഡ്യൂട്ടിയിൽ തുടരുകയും ചെയ്തു.
സംശയം സത്യമായി
വീണ്ടും അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാരൻ കൊറോണ വിഭാഗത്തിലെത്തി വിവരം പറയുകയും സ്രവ പരിശോധന നടത്തുകയുമായിരുന്നു. പരിശോധനാ ഫലം ഇന്നലെ ലഭിച്ചപ്പോൾ പോസറ്റീവായി. തുടർന്ന് കോവിഡ് നോഡൽ ആഫീസർ ഡോ. സജിത് കുമാറിനെ വിവരം അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഹോം ക്വാറന്റൈനു സൗകര്യമുള്ളതിനാൽ 14 ദിവസം മറ്റാരോടും സന്പർക്കം പുലർത്താതെ വീട്ടിൽ കഴിയുവാൻ നിർദ്ദേശിക്കുകയായിരുന്നു.
സഹജീവനക്കാരനും…
ഇതിനെ തുടർന്ന് ഇയാൾക്കൊപ്പം ഡ്യൂട്ടി ചെയ്ത തൃപ്പൂണിത്തുറ അന്പലമുകൾ സ്വദേശിയായ ജീവനക്കാരനും മൂന്നു ദിവസം ഹോം ക്വാറന്റൈൻ പോകുവാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
ഇന്നു രാവിലെ ഈ ജീവനക്കാരനും കടുത്ത തൊണ്ട വേതനയും ജലദോഷവും അനുഭവപ്പെട്ടതിനാൽ സ്രവ പരിശോധന നടത്തുവാൻ തയാറാകുകയാണ്.
കോവിഡ് സ്ഥിരീകരിച്ചയാൾ ജീവനക്കാരടക്കം നിരവധി ആളുകളുമായി സന്പർക്കം പുലർത്തിയിട്ടുണ്ടെന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.