കോട്ടയം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില് ജില്ലയില് 89 പേര് നിരീക്ഷണത്തില് കഴിയുന്നു. രോഗബാധിത പ്രദേശത്തുനിന്നും നാട്ടിലെത്തിയവരും അവരോട് സമ്പര്ക്കം പുലര്ത്തിയവരു മാണ് നിരീക്ഷണത്തില് കഴിയുന്നത്.
കഴിഞ്ഞ ദിവസം എട്ടുപേരെക്കൂടി വീടുകളില് താമസിപ്പിച്ച് നിരീക്ഷണത്തില് വച്ചിരിക്കുകയാണ്. പുതിയതായി ആരിലും കൊറോണ സ്ഥിരീകരിക്കുകയോ ഐസൊലേഷന് വാര്ഡില് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല.
നിരീക്ഷണത്തിലുള്ളവര് പൊതുജനങ്ങളുമായുള്ള സമ്പര്ക്കം ഒഴിവാക്കി വീടുകളില് കഴിയുന്നു. ഇവരില് രോഗലക്ഷണങ്ങള് പ്രകടമാകുന്നുണ്ടോയെന്നു ആരോഗ്യ വിഭാഗം ശ്രദ്ധിക്കുന്നുണ്ട്. ജില്ലയിലെ ആരോഗ്യ വകുപ്പ് കൊറോണയ്ക്കെതിരേ വലിയ പ്രതിരോധമാണ് ഒരുക്കുന്നത്. കൊറോണ പ്രതിരോധ ബോധവത്കരണ പരിപാടികള് പലയിടങ്ങളില് സംഘടിപ്പിച്ചുവരുന്നു.
ഐസൊലേഷന് വാര്ഡില് ഇപ്പോള് മൂന്നുപേരാണുള്ളത്. ഇവരില് ആദ്യഘട്ട പരിശോധനയില് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാത്തവരാണ് രണ്ടുപേര്. രോഗബാധിത മേഖലയില് നിന്നുമെത്തിയ നാലുപേരുടെ സാമ്പിളുകളും ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു.
സംശയിക്കത്തക്കവിധം വൈറസ് ബാധയുടെ ലക്ഷണങ്ങള് കാണുന്നില്ലെങ്കിലും ഇവരോട് വീടുകളില് തന്നെ കഴിയാനാണ് നിര്ദേശം നല്കിയിരിക്കുന്നത്. ഇവര് നേരിട്ടു ആശുപത്രിയിലെത്തുന്നത് കൂടുതല് പേര്ക്ക് രോഗം പകരാനുള്ള സാധ്യത നിലനില്ക്കുന്നതിനാല് ആരോഗ്യ വകുപ്പ് പ്രത്യേക വാഹന- വൈദ്യ സഹായവും ആവശ്യമായ നിര്ദേശങ്ങളും നല്കുന്നുണ്ട്.
1077 എന്ന ഫോണ് നമ്പറിലാണ് ആരോഗ്യ വകുപ്പിനെ ബന്ധപ്പെടേണ്ടത്.