കോഴിക്കോട് : ജില്ലയില്‍ പുതുതായി വന്ന 537 പേര് ഉള്‍പ്പെടെ 5735 പേര് നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 25940 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കിയാക്കി. ഇന്നലെ പുതുതായി വന്ന 33 പേര് ഉള്‍പ്പെടെ 70 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 49 പേര് മെഡിക്കല്‍ കോളേജിലും 21 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 10 പേര് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി. ഇന്നലെ197 സ്രവ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3408 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3227 എണ്ണത്തിന്റെ ഫലം ലഭിച്ചു.
ഇതില്‍ 3182 എണ്ണം നെഗറ്റീവ് ആണ്. 181 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനൂണ്ട്. ജില്ലയില്‍ ഇന്നലെ വന്ന 97 പേര് ഉള്‍പ്പെടെ ആകെ 889 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 372 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 504 പേര് വീടുകളിലും ആണ്.
13 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 113 പേര് ഗര്‍ഭിണികളാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്ട്രോള് സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ വച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ്-19 മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.
പ്രോഗ്രാം ഓഫീസര്‍മാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 14 പേര്‍ക്ക് ഇന്നലെ കൗണ്‍സലിംഗ് നല്കി.
149 പേര്‍ക്ക് ഫോണിലൂടെ കൗണ്‍സിലിംഗ് നല്കി. ഇന്നലെ ജില്ലയില്‍ 1879 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7320 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി
മലപ്പുറത്ത് 641 പേർ
മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നലെ 641 പേർക്കു കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എൻ.എം മെഹ്റലി അറിയിച്ചു. 8,828 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 119 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 114 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്നുപേരും നിലന്പൂർ ജില്ലാ ആശുപത്രിയിൽ രണ്ടു പേരുമാണ് ഐസൊലേഷനിലുള്ളത്. 7,447 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,262 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.
കോവിഡ് 19 സ്ഥിരീകരിച്ച് 39 പേരാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിനിയാണ്. മലപ്പുറം സ്വദേശിയായ ഒരാൾ കോഴിക്കോടും ചികിത്സയിലുണ്ട്. നിലവിൽ രോഗബാധിതരായുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
ജില്ലയിൽ ഇതുവരെ 61 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു മാസം പ്രായമായ കുട്ടി രോഗബാധിതയായിരിക്കേ മരിച്ചു. 21 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർ ചികിത്സയിൽ കഴിയവേ ഒരാൾ മരിച്ചു.
20 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ജില്ലയിൽ ഇതുവരെ 3,123 പേർക്കാണ് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചത്. 198 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
വയനാട്ടിൽ 404 പേർ
കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 404 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. ജില്ലയിൽ ആകെ 3450 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 1397 പേർ കോവിഡ് കെയർ സെന്ററുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ജില്ലയിൽ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1499 സാന്പിളുകളിൽ 1282 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1259 എണ്ണം നെഗറ്റീവാണ്. ഇന്നലെ അയച്ച 37 സാന്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെ 210 സാന്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്. ഇന്നലെ അയച്ച 37 സാന്പിളുകളിൽ പ്രാഥമിക സന്പർക്ക പട്ടികയിൽ ഉൾപ്പെട്ട നാല് പേരുടെ സാന്പിളുകൾ ഉൾപ്പെടുന്നു.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നും ആകെ 1571 സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ 1344 എണ്ണത്തിന്റെ ഫലം ലഭിച്ചതിൽ 1344 ഉം നെഗറ്റീവാണ്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൽപ്പറ്റ സ്വദേശിനിയായ 53 വയസുകാരിയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ് ഇരുപതാം തിയതി ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തിൽ എത്തിയ അവർ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു.
തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നാണ് അവരെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 11 പേർ ഉൾപ്പെടെ 17 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും ചികിത്സയിലുണ്ട്.