തിരുവനന്തപുരം (നെയ്യാറ്റിന്‍കര): തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് ദിവസവും രണ്ടു അവശ്യസര്‍വീസുകള്‍ നടത്തി കെ.എസ്.ആര്.ടി.സി നെയ്യാറ്റിന്‍കര ഡിപ്പോയും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിത്തം വഹിക്കുന്നു.
ദിവസവും രാവിലെ 6.45 നും ഏഴിനുമാണ് നെയ്യാറ്റിന്‍കരയില്‍ നിന്നും യഥാക്രമം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് ഓരോ ബസുകള്‍ വീതം സര്‍വീസ് നടത്തുന്നത്.
നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുള്ള ആരോഗ്യപ്രവര്ത്തകരുമായിട്ടാണ് ഈ ബസുകളുടെ സൗജന്യ സര്‍വീസ്. തിരികെ രാവിലെ എട്ടരയോടെ ഈ ആശുപത്രികളിലെ നൈറ്റ് ഷിഫ്റ്റ് പൂര്‍ത്തിയാക്കി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ജീവനക്കാരുമായി രണ്ടു ബസുകളും തിരികെ ഡിപ്പോയിലെത്തിച്ചേരും.
പിന്നീട് വൈകുന്നേരം മൂന്നിന് വീണ്ടും ഇതേ ബസുകള്‍ ഈ ആശുപത്രികളിലേയ്ക്ക് ജീവനക്കാരെ കൊണ്ടുപോവുകയും അവിടുന്ന് ഡ്യൂട്ടി കഴിഞ്ഞവരുമായി മടങ്ങിയെത്തുകയും ചെയ്യും.
രാവിലെയും വൈകുന്നേരവുമുള്ള സര്‍വീസുകള്‍ ഓരോ ദിവസവും ഓരോ ഡ്രൈവറുടെ ഡ്യൂട്ടിയാണ്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ ബസുകളില്‍ യാത്ര ചെയ്യുന്നത്.