കണ്ണൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കണ്ണൂരിൽ പതിനഞ്ചോളം പേർ നിരീക്ഷണത്തിൽ. വെള്ളിയാഴ്ച ചൈനയിൽ നിന്നെത്തിയ ഒരു കുടുംബം ഉൾപ്പെടെ 15 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ഉള്ളത്.
നിരീക്ഷണത്തിലുള്ളവരോട് 28 ദിവസത്തേക്ക് പൊതു ഇടങ്ങളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ നിര്‍ദ്ദേശം.
ചൈനയില്‍ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച സാഹചര്യത്തിലാണ് ജില്ലയിലെ ഒരു പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.
ഇതനുസരിച്ച് ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ സമീപത്തുള്ള താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് മാസ്ക്ക് ധരിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.
കോട്ടയത്ത് എംബിബിഎസ് വിദ്യാർഥിനി നിരീക്ഷണത്തിൽ
ഗാന്ധിനഗർ: ചൈനയിൽനിന്നും എത്തിയ എംബിബിഎസ് വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല സ്വദേശിനിയായ 25 കാരിയെയാണു മെഡിക്കൽ കോളജ് മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
കടുത്ത പനിയും, ജലദോഷവും ഉണ്ടായതിനെത്തുടർന്നാണു ചികിത്സ തേടിയെത്തിയത്. ചൈനയിൽ കൊറോണ വൈറസ് രോഗം രൂക്ഷമായി തുടരുന്നതിനാലാണ് വിദഗ്ധ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.