കുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇതേ തുടർന്ന് കരിപ്പൂരിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെടേണ്ട കുവൈത്ത് വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. ഇന്ത്യയെക്കൂടാതെ ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂവെന്ന ഉത്തരവ് കഴിഞ്ഞ ദിവസം കുവൈത്ത് റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കുവൈത്തിൽ 59 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.