ന്യൂഡൽഹി: ഞായറാഴ്ച രാത്രി എല്ലാവരും ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപതിന് ഒൻപത് മിനിറ്റ് എല്ലാവരും മാറ്റിവയ്ക്കണം.
ഈ സമയം വീടുകളിലെ ലൈറ്റുകൾ അണച്ചശേഷം വീടിന്റെ ബാൽക്കണിയിലോ വാതിൽക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈൽ ഫ്ളാഷ് ലൈറ്റോ ടോർച്ചോ തെളിക്കണമെന്ന് മോദി അഭ്യർഥിച്ചു.
അതേസമയം ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാനായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയിരുന്നു. ഇതേതുടർന്നാണ് വിളക്കുകൾ തെളിച്ച് ആരും വീടിന് പുറത്തിറങ്ങരുതെന്ന് മോദി നിർദേശിച്ചത്.
ലോക്ക്ഡൗണിൽ ആരും ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒൻപത് ദിവസമായി. ലോക്ക്ഡൗണിനോട് ജനം സഹകരിച്ചുവെന്നും മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ ഐക്യം ലോക്ക്ഡൗണിലൂടെ പ്രകടമായി. ഭരണസംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനതാ കർഫ്യൂ ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യയുടെ ഈ നടപടി പല രാജ്യങ്ങളും മാതൃകയാക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.