പത്തനംതിട്ട: വിദേശരാജ്യങ്ങളില്‍ നിന്നു ജില്ലയിലെത്തിയവരുടെ വിശദവിവരങ്ങളടങ്ങിയ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖ ‘ട്രാവലേഴ്സ് ഡീറ്റയില്‍സ്’ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പൊതുജനങ്ങളുള്‍പ്പെടുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പുറത്തായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് സൈബര്‍സെല്‍ അന്വേഷണം നടത്തിയിരുന്നു.
രേഖ ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്ട്രോള് റൂമില്‍ നിന്നു ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടേയും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടേയും വാട്സ്ആപ് ഗ്രൂപ്പുകളിലേക്ക് ഔദ്യോഗികമായി അയച്ചുകൊടുത്തിരുന്നു.
വിദേശത്തുനിന്ന് നാട്ടിലെത്തിയവരെ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള ഈ രേഖ ഉത്തരവാദിത്തപ്പെട്ട ഒരു ഓഫീസറുടെ ഫോണില്‍ നിന്നുമാണ് പൊതുജനങ്ങളുടെ വാട്സ്ആപ് അക്കൗണ്ടില്‍ എത്തിയത്.
അവിടെ നിന്നും വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ സൈബര്‍സെല്‍ കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഔദ്യോഗികസ്വഭാവമുള്ളതിനാല്‍ പ്രസ്തുത രേഖ ആരും ഫോര്‍വേഡ് ചെയ്യരുതെന്നും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഔദ്യോഗികരേഖ ചോര്‍ന്നതിന്റെ ഉറവിടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.്