ഫ്രാങ്കോ ലൂയിസ്
തൃശൂർ: കൊറോണക്കാലത്തെ ഭാഗ്യക്കുറി സർക്കാരിനും ഭാഗ്യക്കുറി വിൽപ്പനക്കാർക്കും ഒരുപോലെ ചതിക്കെണിയായി. കഴിഞ്ഞ ദിവസം നാലു ലക്ഷത്തോളം ടിക്കറ്റുകളാണു വിറ്റഴിക്കാനാകാതെ ബാക്കിവന്നത്. ഇത്രയും ടിക്കറ്റിന്റെ 28 ശതമാനം നിരക്കിലുള്ള ജിഎസ്ടി അടയ്ക്കേണ്ടതായും വന്നു.
സംസ്ഥാന സർക്കാരിന്റെ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റുകൾ കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് വഴിയാണ് ഏജന്റുമാർക്കു വിൽക്കുന്നത്.
അച്ചടിച്ച ടിക്കറ്റു മുഴുവൻ ലോട്ടറി ടിക്കറ്റ് ഏജന്റുമാരുടെ ഈ ക്ഷേമനിധി ബോർഡിനു കൈമാറിയതോടെ കേന്ദ്ര സർക്കാരിന് 28 ശതമാനം ജിഎസ്ടി അടയ്ക്കണം. 40 രൂപ വിലയുള്ള ടിക്കറ്റിനു 11.20 രൂപയാണു ജിഎസ്ടി. ഇതിന്റെ പകുതിയായ 5.60 രൂപ സംസ്ഥാന സർക്കാരിനു വിഹിതമായി തിരിച്ചു ലഭിക്കും.
നാലു ലക്ഷം ടിക്കറ്റ് വിറ്റുപോകാതെ കെട്ടിക്കിടന്നതോടെ ഒറ്റയടിക്ക് ജിഎസ്ടി ഇനത്തിൽ 40 ലക്ഷം രൂപയുടെ നഷ്ടമാണ് ബോർഡിനുണ്ടായത്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ നിരക്ക് മുപ്പതു രൂപയിൽനിന്ന് 40 രൂപയായി വർധിപ്പിച്ചതോടെ ലോട്ടറി ടിക്കറ്റ് മേഖലയിൽ മാന്ദ്യമായിരുന്നു.
ഒരു കോടിയിലേറെ ടിക്കറ്റു വിറ്റിരുന്നതാണ്. 28 ശതമാനം ജിഎസ്ടിയോടെ ടിക്കറ്റ് നിരക്കുവർധന പ്രാബല്യത്തിലായ മാർച്ച് മാസം മുതൽ സർക്കാർ പുറത്തിറക്കുന്ന ടിക്കറ്റുകളുടെ എണ്ണം 80 ലക്ഷമായി കുറച്ചു. 25 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പനയാണ് ഒറ്റയടിക്കു കുറഞ്ഞത്.
ഇപ്പോൾ കൊറോണ ബാധിച്ചതോടെ ടിക്കറ്റ് വിൽപ്പന വീണ്ടും തകർന്നു. മൊത്തവ്യാപാരികളുടെ തലയിൽ പരമാവധി ടിക്കറ്റുകൾ അധികൃതർ കെട്ടിവയ്ക്കുന്നുണ്ടെങ്കിലും അതെല്ലാം വിറ്റഴിക്കാൻ കഴിയുന്നില്ല.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ടിക്കറ്റു വിൽപ്പന നിലച്ച അവസ്ഥയിലാണെന്നാണു നടന്നു വിൽക്കുന്നവരും ചെറിയ സ്റ്റാളുകളിലൂടെ വിൽക്കുന്നവരും പറയുന്നത്. ജനം പുറത്തിറങ്ങാത്തതിനാലും സാന്പത്തിക പ്രതിസന്ധിമൂലവും ലോട്ടറി ടിക്കറ്റുകൾ വിറ്റഴിക്കാനാകുന്നില്ല.
ലോട്ടറിക്കു നികുതി ഏർപ്പെടുത്തുന്നതിനു മുന്പ് അന്പതു രൂപയുടെ ഒരു ടിക്കറ്റ് വിറ്റാൽ ഏജന്റിന് 14 രൂപ വരെ വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ 40 രൂപയുടെ ടിക്കറ്റ് വിറ്റാൽ 6.40 രൂപ മാത്രമാണു ലഭിക്കുന്നത്. നടന്നു വിൽപ്പനക്കാരൻ ഒരു ദിവസം അന്പതു ടിക്കറ്റ് വിറ്റാൽ 320 രൂപ മാത്രമാണു വരുമാനം.
വിറ്റുപോകാതെ ബാക്കിവരുന്ന ടിക്കറ്റുകളുടെ പണം പോക്കറ്റിൽനിന്ന് എടുത്തു വയ്ക്കേണ്ടിവരും. അതോടെ ഭാഗ്യക്കുറി കച്ചവടം ഭീമമായ നഷ്ടത്തിലാണു കലാശിക്കുന്നതെന്നു ലോട്ടറി വ്യാപാരികൾ പറയുന്നു.