കോഴിക്കോട്: കോവിഡ്- 19 സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മാഹിയിലെ സ്ത്രീ സഞ്ചരിച്ച ഓട്ടോ കണ്ടെത്താനായില്ല. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപോയ മാഹി ചാലക്കര സ്വദേശിയായ സ്ത്രീ സഞ്ചരിച്ച ഓട്ടോയാണ് കണ്ടെത്താനുള്ളത്.
ഇക്കഴിഞ്ഞ 13 ന് വൈകിട്ട് ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് റെയില്വേസ്റ്റേഷനിലേക്കാണ് സ്ത്രീ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചത്. ഈ ഓട്ടോഡ്രൈവര്‍ ആരാണെന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.
വൈകുന്നേം 3.30 മുതല്‍ 5.30 വരെ ബീച്ച് ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ കഴിഞ്ഞുവെന്നാണ് പറയുന്നത്. പീന്നീടാണ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തേക്കിറങ്ങി ഓട്ടോറിക്ഷയില്‍ കയറുന്നത്.
ഈ സമയത്ത് ബീച്ച് ആശുപത്രി പരിസരത്ത് നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് പോലീസും ആരോഗ്യവകുപ്പും അറിയിച്ചു. നിരവധി ഓട്ടോറിക്ഷകള്‍ ഈ സമയം ആശുപത്രി പരിസരങ്ങളിലുണ്ടായിരുന്നു. ഇതില്‍ ആരാണ് സ്ത്രീയെ കയറ്റിയതെന്ന് കണ്ടെത്തുക സങ്കീര്‍ണമാണ്.
ആശുപത്രിയില്‍ ഏതെങ്കിലും രോഗിയേയോ സന്ദര്ശകരോയോ കൊണ്ടുവന്ന ഓട്ടോറിക്ഷക്കാരാണോ സ്ത്രീയെ കയറ്റിയതെന്നും അന്വേഷിക്കുന്നുണ്ട്. നഗരത്തില്‍ മാത്രമല്ല ഗ്രാമീണ മേഖലയില്‍ നിന്നും ഈ സമയം ബീച്ച് ആശുപത്രിയില്‍ എത്തിയ ഓട്ടോ ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഓട്ടോ ഡ്രൈവര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സന്ദേശം കൈമാറുന്നുണ്ട്. ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുണ്ടെങ്കിൽ സ്ത്രീയെ കയറ്റിയ ഓട്ടോയുടെ ഡ്രൈവർ സ്വയം മുന്നോട്ടുവരണമെന്ന് പോലീസ് അഭ്യർഥിച്ചു.
ബീച്ച് ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം നഗര-ഗ്രാമമേഖലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ആശങ്കയിലാണ്. സ്ത്രീ കയറിയതിന് ശേഷം ഓട്ടോയില്‍ ആരെല്ലാം കയറിയെന്നത് കണ്ടെത്തേണ്ടതും ആരോഗ്യവകുപ്പിനെ കുഴക്കുന്നുണ്ട്.
ഓട്ടോ തിരിച്ചറിഞ്ഞാല്‍ മാത്രമേ മറ്റുള്ളവരെ കൂടി നിരീക്ഷണത്തിലാക്കാന്‍ സാധിക്കുകയുള്ളൂ. ഓട്ടോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നതും ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സ്ത്രീ ഓട്ടോയിലും റെയില്‍വേസ്റ്റേഷനിലും എത്തിയെന്ന വാര്‍ത്ത പരന്നതോടെ കോഴിക്കോട് നഗരത്തിലെത്തുന്നവരും ഭീതിയിലാണ്. നഗരത്തില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.