മാഹി: ഉറവിടം അറിയാതെ ഇന്നലെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹി മേഖല ആശങ്കയിലായി. ചാലക്കര ആയുർവ്വേദ കോളജ് പ്രിൻസിപ്പൽ, പള്ളുരിലെ ഓട്ടോ ഡ്രൈവർ, ചെരുപ്പുകടയിലെ ജീവനക്കാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ മാഹിയിലെ വിവിധ മേഖലകളിൽ നടത്തിയ റാൻഡം പരിശോധനയിലാണ് മൂന്നുപേർക്ക് കോവിഡ് പോസിറ്റീവായത്. രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്.
പള്ളുരിൽ മൂന്നുപേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പള്ളൂർ കവലയും പരിസരവും കണ്ടെയ്ൻമെന്റ് സോണാക്കി. പള്ളൂർ – പന്തക്കൽ റോഡിൽ മൂന്നങ്ങാടി വരെയുള്ള പ്രദേശം പൂർണമായും അടച്ചു. അവശ്യസാധനങ്ങളുടെ വിതരണവും അടിയന്തര വൈദ്യസഹായവും മാത്രമേ അനുവദിക്കുകയുള്ളു.
അതിനിടെ കോവിഡ് ഭേദമായ മാഹി സ്വദേശിയായ 70 കാരൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത് ആശങ്ക ഇരട്ടിച്ചു.
മാഹിയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ചരക്ക് ലോറികൾ എത്തുന്നതിൽ നിയന്ത്രണങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധമുയരുകയാണ്. ലോറി ജീവനക്കാർ മുഖാവരണം പോലും അണിയുന്നില്ലെന്ന പരാതിയുണ്ട്.