പാലക്കാട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രമായ മലന്പുഴ ഡാം ഗാർഡൻ അടച്ചതോടെ മേഖലയുമായി പ്രവർത്തിക്കുന്നവർ പ്രതിസന്ധിയിലായി. കടകളിൽ മിക്കതും അടഞ്ഞുകിടക്കുകയാണ്.
റോക്ക് ഗാർഡൻ, റോപ്പ് വേ, സ്നേക്ക് പാർക്ക് എന്നിവയെല്ലാം അടഞ്ഞുകിടക്കുന്നു. ബസുകളിലും ഓട്ടോകളിലും ഹോട്ടലുകളിലും ആളില്ല. ലോഡ്ജുകളിലെ മുറികളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.
കച്ചവടം പത്തുശതമാനമായി കുറഞ്ഞെന്ന് മലന്പുഴ കാർ പാർക്ക് പരിസരത്ത് മിൽമ കടനടത്തുന്ന രാജൻ പറഞ്ഞു. നിലവിൽ വിനോദസഞ്ചാരികളേക്കാൾ തദേശീയരാണ് കടയിലെത്തി ചായകുടിക്കുന്നത്. കൊറോണ ഭീതി പടർന്നതോടെ ഇവിടുത്തുകാർപോലും വരാതായെയെന്ന് രാജൻ പറയുന്നു.
ബസിൽ ആളുകുറവായതോടെ ഡീസൽ ചെലവിനുള്ള പണം പോലും കിട്ടാത്ത സ്ഥിതിയാണ്. ഇതുമൂലം മിക്ക ബസുകളും ഓട്ടംനിർത്തി. ഒരു ട്രിപ്പിൽ മലന്പുഴയിൽനിന്നും മൂന്നുപേർമാത്രം കയറി ബസ് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് മലന്പുഴ- പാലക്കാട് റൂട്ടിലെ ബസ് ഡ്രൈവർ ഉമേഷ്, കണ്ടക്ടർ ശിവൻ, ബസ് പാസഞ്ചേഴ്സ് ഗൈഡ് ഗംഗാധരൻ എന്നിവർ പറഞ്ഞു.ഡാമിനക്കരെനിന്നുള്ളവരെ ആശ്രയിച്ച് ബാർബർ ഷാപ്പ് നടത്തുന്ന നാച്ചിമുത്തുവും പ്രതിസന്ധിയിലാണ്.
അക്കരെ നിന്നുള്ളവരുടെ വരവ് കുറഞ്ഞതോടെ പണിയില്ലാതായെന്ന് നാച്ചിമുത്തു പറഞ്ഞു. വൈറസ് പ്രതിരോധത്തിനായി ഡെറ്റോളിൽ ഇട്ടാണ് പണിയായുധങ്ങൾ സൂക്ഷിക്കുന്നതെന്നും പേപ്പർ നാപ്കിനാണ് മുഖം തുടക്കാൻ ഉപഭോക്താക്കൾക്ക് നല്കുന്നതെന്നും നാച്ചിമുത്തു പറഞ്ഞു.