പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മേഖലയായ മാങ്കോട്, പാടം പ്രദേശങ്ങളില്‍ ഉള്ളവര്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍. കാരണം പുറത്തേക്കിറങ്ങുന്നത് പത്തനംതിട്ട ജില്ലയിലേക്കാണ്. വീടിന് പുറത്തിറങ്ങിയാല്‍ ക്വാറന്റൈനില്‍ പോകേണ്ട ഗതികേടിലാണ് ഇവിടുത്തുകാര്‍.
റോഡിന്റെ ഒരുവശം കൊല്ലം ജില്ലയും മറുവശം പത്തനംതിട്ട ജില്ലയുമാണ്. തെരഞ്ഞെടുപ്പ് കാലത്തും മാങ്കോട്, പാടം നിവാസികള്‍ രണ്ട് മണ്ഡലത്തിലാണ്. ഇവിടെ പത്തനംതിട്ട ജില്ലക്കാര്‍ പഞ്ചായത്താസ്ഥാനമായ കലഞ്ഞൂരോ,റേഷന്‍കടകളിലോ പോകണമെങ്കില്‍ പോലും ജില്ലയില്‍ കടക്കാതെ പറ്റില്ല.
ഇതിനിടയില്‍ ജില്ലാ അതിര്‍ത്തി മാറിക്കയറിയതിന് യുവാവിന് പോലീസിന്റെ പിഴയും കിട്ടി. പാടത്തുള്ള വീട്ടില്‍ നിന്നും താലൂക്കാശുപത്രിയിലെത്തിയ യുവാവിനാണ് പിഴയീടാക്കേണ്ടി വന്നത്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ കൈവശമുള്ള രേഖകളില്‍ പത്തനംതിട്ടയിലാണ് വീടെന്ന് കണ്ടതോടെ ക്വാറന്റൈനില്‍ പോകണമെന്ന് നിര്‍ദേശിച്ച പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കാനും തുനിഞ്ഞു.
ഇതോടെ വെട്ടിലായ യുവാവ് വസ്തുതകള്‍ പറഞ്ഞു മനസിലാക്കി പിഴയൊടുക്കി രക്ഷപ്പെടുകയായിരുന്നു. ജില്ലാ അതിര്‍ത്തിയിലെ ചെറുവഴികള്‍ കൂടി അടച്ചതോടെ ഈ മേഖലയിലുള്ളവര്‍ തികച്ചും ഒറ്റപ്പെട്ട നിലയിലാണ്.