മാന്നാർ: കൊറോണയെ പ്രതിരോധിക്കാൻ നാടെങ്ങും പരിപാടികളുമായി വിവിധ സംഘടനകൾ രംഗത്ത്. മാന്നാർ ജനമൈത്രി പോലീസിന്റെയും മാന്നാർ എമർജൻസി റെസ്ക്യു ടീമിന്റെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
ബ്രേക്ക് ദി ചെയിൻ കാന്പയിന്റെ ഭാഗമായി പരുമല ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച പരിപാടിയിൽ കൊറോണയെ പ്രതിരോധിക്കുവാനുള്ള മുൻകരുതലുകളെ കുറിച്ച് ബീറ്റ് ഒാഫീസർ അനീഷ് ക്ലാസ് എടുത്തു.
മാന്നാർ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വളപ്പിൽ സ്ഥാപിച്ച സാനിറ്റൈസറിന്റെ ഉദ്ഘാടനം പ്രസിഡന്റ് പ്രദീപ് ശാന്തിസദനം ഉദ്ഘാടനം ചെയ്തു. കുട്ടംപേരൂർ സഹകരണബാങ്കിൽ സ്ഥാപിച്ച സാനിറ്റൈസറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ നിർവഹിച്ചു.
മാന്നാർ എമർജൻസി റെസ്ക്യു ടീമിന്റെ നേതൃത്വത്തിൽ തൂവാലകൾ വിതരണം ചെയ്തു. മാന്നാർ സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ സാബു സുഗതൻ വിതരണോദ്ഘാടനം നിർവഹിച്ചു.
മാന്നാർ സബ്ട്രഷറിയിൽ മാന്നാർ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ തുടങ്ങിയ കൈകഴുകൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതൻ ഉത്ഘാടനം ചെയ്തു.
എഐവൈഎഫിന്റെ നേതൃത്വത്തിൽ മാന്നാർ സ്റ്റോർ ജംഗ്ഷനിലെ ബസ് സ്റ്റാൻഡിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. കോണ്ഗ്രസ് മാന്നാർ കോണ്ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്, ബസ് സ്റ്റാൻഡ്, പരുമലക്കടവ് എന്നിവിടങ്ങളിൽ മാസ്കുകൾ വിതരണം ചെയ്തു.
കെപിസിസി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ് വിതരണോദ്ഘാടനം നിർവഹിച്ചു.