പത്തനംതിട്ട: കൊറോണ കാലത്തെ വിവാഹങ്ങൾക്കും പുതുമ. ആൾത്തിരക്ക് ഒഴിവാക്കാനും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാനും പലരും ശ്രദ്ധിക്കുന്നു.
മുൻകൂട്ടി മുഹൂർത്തം നിശ്ചയിച്ച വിവാഹങ്ങൾ പലതുമാണ് നിശ്ചിത തീയതികളിൽ നടക്കുന്നത്. ക്ഷേത്രത്തിൽവച്ചോ വധു ഗൃഹത്തിലോ താലിച്ചാർത്ത് മാത്രമായി പലതും മാറുന്നു.
സദ്യ ഒഴിവാക്കി ആഘോഷങ്ങളില്ലാതെ നടത്തുന്ന വിവാഹങ്ങളിൽ വധുവും വരനും ക്ഷണിതാക്കളും ഒക്കെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കുന്നു. മാസ്ക് ധരിച്ചാണ് ഏറെപ്പേരും കല്യാണങ്ങൾക്ക് എത്തുന്നത്.
കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഒക്കെ കരുതിയിട്ടുണ്ടാകും. മുൻകൂട്ടി നൂറുകണക്കിനാളുകളെ ക്ഷണിക്കുകയും സദ്യയ്ക്ക് അടക്കം ഓർഡർ നൽകുകയും ചെയ്ത വിവാഹങ്ങൾ പോലും പെട്ടെന്നു തന്നെ ലളിതമാക്കി.
അടുത്തു നടക്കാനിരിക്കുന്ന ചില വിവാഹങ്ങളിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആരുമെത്തേണ്ടതില്ലെന്ന അറിയിപ്പുകളും വന്നുതുടങ്ങി. മറ്റു ചിലരാകട്ടെ കാത്തുവച്ച മുഹൂർത്തം പോലും മാറ്റിവയ്ക്കാൻ തയാറായിട്ടുണ്ട്.
അടിയന്തരം, ശ്രാദ്ധം തുടങ്ങിയവയും ചടങ്ങുകൾ മാത്രമായി. ശവസംസ്കാരങ്ങൾക്കും ആളുകൾ കുറവാണ്. വീടുകളിലെത്തി അന്തിമോപചാരം അർപ്പിക്കുന്നവർ സംസ്കാരച്ചടങ്ങുകൾക്കു കാത്തുനിൽക്കുന്നില്ല.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾ മാത്രമാണ് ദേവാലയങ്ങളിൽ എത്തുന്നത്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട സഭകൾ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കാൻ ക്രൈസ്തവ കുടുംബങ്ങളും തയാറാകുന്നുണ്ട്.