ഗാന്ധിനഗർ: കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി പ്രവേശിപ്പിച്ചു. ചൈനയിൽ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയേയാണ് ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
തൃശൂരിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയോടൊപ്പം എത്തിയിട്ടുള്ള വിദ്യാർഥിയെന്ന നിലയിൽ അതീവ ജാഗ്രതയോടെയാണു പരിചരിക്കുന്നത്.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വൈക്കം സ്വദേശിനിയായ വീട്ടമ്മയ്ക്കും മകൾക്കും കൊറോണ വൈറസ് രോഗബാധയില്ലെന്നു കണ്ടെത്തി. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ ആദ്യപരിശോധനയിൽ വൈറസ് നെഗറ്റീവെന്ന് കണ്ടെത്തി.
കാഞ്ഞിരപ്പള്ളിയിൽ നിന്നുകൊണ്ടുവന്ന വിദ്യാർഥിയെ ഐസൊലേഷൻ വിഭാഗത്തിൽ നിരീക്ഷണത്തിനാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 84പേർ വീടുകളിൽ ഇപ്പോൾ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.