തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് ബാധയെ തുടർന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തിൽ ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകൾക്ക് മരുന്നുകൾ നൽകി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുള്ളതിനാൽ ഇത്തരം വ്യാപാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഡ്രഗ്സ് കണ്‍ട്രോളർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.