തൃശൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വ്യാജ വൈദ്യന് മോഹനന് വൈദ്യരെ ഇന്ന് ആരോഗ്യവകുപ്പ് ജയിലിലെത്തി പരിശോധിക്കും. കോവിഡ് നിരീക്ഷണത്തില്‍ വിയ്യൂര്‍ ജയിലില്‍ കഴിയാന്‍ തടവുകാരെ അനുവദിക്കില്ല. അതിനാല്‍ വൈദ്യരെ പരിശോധിച്ച് ആലുവയിലേക്ക് മാറ്റുമെന്നാണ് സൂചന.
വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍ തുടരുന്ന ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കുമ്പോഴായിരുന്നു ഇയാള്‍ കോവിഡ് 19 നിരീക്ഷണത്തിലാണെന്ന ജയില്‍ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചത്. ഇതനുസരിച്ച് കസ്റ്റഡി അപേക്ഷ കോടതി കോടതി തള്ളി.
മോഹനന് വൈദ്യര്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു ഈ സാഹചര്യത്തിലാണ് മോഹനന് വൈദ്യരെ വിശദമായി പരിശോധിച്ച് കോവിഡ് നിരീക്ഷണത്തിലാണെങ്കില്‍ ആലുവയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നത്.
ഇക്കഴിഞ്ഞ 19നാണ് വ്യാജ ചികില്‍സ നടത്തിയ കേസില്‍ മോഹനന് വൈദ്യരെ പട്ടിക്കാട് ആയുര്‍വേദ റിസോര്‍ട്ടില്‍ ചികില്സിക്കുന്നതിനിടയില് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎംഒയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പോലീസ് നടപടി.
തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു മോഹനന് വൈദ്യരുടെ പരിശോധന. ചികില്‍സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടന്നത്.
ചികില്‍സ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മോഹനന് വൈദ്യര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.