മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ കോവിഡ്-19 പടരുന്നു. നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കും 26 നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഏറെയും മലയാളികളാണ്.
ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ ഇത്ര വലിയ രോഗവ്യാപനം ഇത് ആദ്യമാണ്. രോഗം കണ്ടെത്തിയ എല്ലാവരെയും ആശുപത്രിയിൽ ക്വാറന്റൈയിൻ ചെയ്തു. ഇവരുമായി സന്പർക്കത്തിലുള്ളവരും ഐസൊലേഷനിലാണ്.
മഹാരാഷ്ട്രയിലെ ധാരാവിയിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ വലിയ ചേരിയായ ഇവിടെ ആറ് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 748 ആയി. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയിൽ മരിച്ചത് 13 പേരാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി ഉയർന്നു. 647 പേർ ഇപ്പോഴും ചികിത്സയിലാണ്.