മുളങ്കുന്നത്തുകാവ്: കൊറോണ വൈറസ് രോഗലക്ഷണമാണന്ന് കരുതി ഇന്നലെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ചൈനയിലെ എംബിബിഎസ് വിദ്യാർഥിനിക്കു രോഗലക്ഷണം ഇല്ലെന്നു പ്രാഥമിക പരിശോധനയിൽ സ്ഥിരീകരണം. ഇതോട ആശുപത്രി പരിസരത്തു നിലനിന്നിരുന്ന ആശങ്കയും നിങ്ങി.
ഇന്നലെ രാത്രി ഏഴരയോടെയാണ് ചൈനയിൽ നാലംവർഷ എംബിബിഎസിനെ പഠിക്കുന്ന തൃശൂർ സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്.
ചൈനയിൽ വ്യപകമായി രോഗം പടരുന്ന സാഹചര്യത്തിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നെടുന്പാശ്ശേരി വിമാനത്താവളത്തിൽ മെഡിക്കൽ ടീമിന്റെ പരിശോധനയിൽ യുവഡോക്ടർക്ക് തൊണ്ടവേദന ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്ക് ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു.
എയർപോർട്ടിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമായ മുൻകരുതലുമെടുത്തു. രോഗപ്രതിരോധ വസ്ത്രങ്ങൾ ധരിച്ച് സ്ട്രച്ചറുകളുമായി കാത്തു നിന്നിരുന്ന ജിവനക്കാർക്കിടയിലൂടെ യുവതി കൂളായി നടന്ന് വാർഡിലേക്ക് പോയി.
അത്യാഹിത വിഭാഗത്തിനു മുന്നിൽ ഉണ്ടായിരുന്നവരെ ഒഴുപ്പിക്കുകയും ബാക്കിയുള്ളവർക്ക് മാസ്കളും നൽകിയിരുന്നു. എന്നാൽ ആശുപത്രിയ്ക്ക് മുന്നിൽ വാഹനം എത്തിയപ്പോൾ പരിസരം വിജനമായി.
സാധാരണ ആംബുലൻസ് എത്തിയാൽ എന്താണന്ന് അറിയാൻ വേണ്ടി തടിച്ച് കൂടുന്ന ജനത്തെ ഇന്നലെ കണ്ടില്ല.
നിരീക്ഷണത്തിലുള്ളത് 806 പേർ
തൃശൂർ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലും രോഗബാധയ്ക്കെതിരേ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 806 പേർ എത്തിച്ചേർന്നിട്ടുണ്ട്.
ഇവരിൽ 796 പേർ വീടുകളിലും പത്തുപേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ രക്തസാന്പിളുകൾ പൂനെ ഐഎൻവിയിൽ പരിശോധനയ്ക്ക് അയയ്ച്ചിട്ടുണ്ട്.
ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവരിൽ ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്കു വകയില്ലെന്നു ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.