കൊച്ചി: എറണാകുളം ജില്ലയില്‍ ഒരു ദിവസത്തിനിടെമാത്രം വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത് 1,323 പേരെ. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 5,879 ആയി ഉയര്‍ന്നു. നിരീക്ഷണ കാലയളവ് അവസാനിച്ച 202 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
നിലവില്‍ നിരീക്ഷണത്തിലുള്ളവരില്‍ 170 പേര് ഹൈ റിസ്ക്ക് വിഭാഗത്തിലും 5,709 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. ഇന്നലെ 14 പേരെയാണു പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്.
കളമശേരി മെഡിക്കല്‍ കോളജില്‍ മൂന്നു പേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ടു പേരെയും സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേരെയുമാണു പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് ഒന്‍പത് പേരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍നിന്ന് ഒരാളെയും സ്വകാര്യ ആശുപത്രിയില്‍നിന്ന് എട്ടു പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിലവില്‍ 40 പേരാണു നിരീക്ഷണത്തിലുള്ളത്.
കളമശേരി മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലുമായി 16 പേര് വീതവും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ അഞ്ചു പേരും പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റലില്‍ മൂന്നുപേരുമാണു നിരീക്ഷണത്തിലുള്ളത്.
നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഒന്‍പതു പേരാണു കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 23 വയസുള്ള മലപ്പുറം സ്വദേശിയായ യുവാവിനെ രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കഴിഞ്ഞ ഏഴിന് അബുദാബി -കൊച്ചി വിമാനത്തിൽ നെടുന്പാശേരിയിൽ എത്തിയ യാത്രക്കാരനായിരുന്ന ഇദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ഒന്‍പതിന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇന്നലെ ജില്ലയില്‍നിന്ന് 107 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതായും ഇനി 130 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ പരിശോധിച്ചത് 2,717 സാമ്പിളുകള്‍
കൊച്ചി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇതുവരെ 2,717 സാമ്പിളുകള്‍ പരിശോധിച്ചതായി അധികൃതര്‍ വ്യക്തയമാക്കി. സെന്റിനല്‍ സര്‍വയ്ലന്‍സിന്റെ ഭാഗമായുള്ള പരിശോധന ഒഴികെയാണ് ഇത്രയധികംപേരെ പരിശോധിച്ചത്.
സെന്റിനല്‍ സർവയ്ലന്‍സിന്റെ ഭാഗമായി 154 സാമ്പിളുകളും ഇതുവരെ പരിശോധിച്ചു. ഇതില്‍ 18 പേരുടെ സാമ്പിളുകള്‍ ഇന്നലെ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഏഴ് വിഭാഗം ആളുകളിലാണ് സെന്റിനല്‍ സര്‍വയ്ലന്‍സ് നടത്തുന്നത്. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ , സന്നദ്ധ സേന അംഗങ്ങള്‍, ജന പ്രതിനിധികള്‍ തുടങ്ങിയവരില്നിന്നാണു പ്രധാനമായും സാമ്പിള്‍ ശേഖരിക്കുന്നത്.
പരിശോധന കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സാമ്പിളുകള്‍ പൂളിംഗ് നടത്തിയശേഷം ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. കോവിഡ് കെയര്‍ സെന്ററുകളിലാണു പൂളിംഗ് പരിശോധന നടത്തുന്നത്. കപ്പലില്‍ കൊച്ചി തുറമുഖത്തെത്തിയ 90 പേരുടെ ഉള്‍പ്പടെ 130 സാമ്പിളുകളാണ് ഇതിനായി പരിശോധനക്ക് അയച്ചിട്ടുള്ളത്.
കോവിഡ് കെയര്‍ സെന്ററുകളില്‍ നേരിട്ട് എത്തിയാണ് ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് ക്രമീകരിച്ചു കഴിഞ്ഞു. മൈക്രോ ബയോയോളജിസ്റ്റും ഡോക്ടറും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരണം നടത്തുന്നത്.