തിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെയാണ് കാര്യോപദേശക സമിതി തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിപ്പിക്കും.
സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്ന പ്രതിപക്ഷ വാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. സഭാസമ്മേളനം വെട്ടിച്ചുരുക്കിയ വിവരം മുഖ്യമന്ത്രി സഭയെ അറിയിക്കും.
സർക്കാർ നടപടിയെ സഭയിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റ തീരുമാനം. കോവിഡ് ജാഗ്രതയില്‍ സംസ്ഥാനം നില്ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിർദ്ദേശം മുന്നോട്ടുവച്ചത്.
എന്നാൽ ലോക്സഭയും രാജ്യസഭയും തുടരുകയും മറ്റുസംസ്ഥാനങ്ങളിലും നിയമസഭാ സമ്മേളനം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്.
വിവിധ വകുപ്പുകളുടെ ധനാഭ്യർഥനയിൽ വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. ഈ സർക്കാരിന്റെ അവസാനത്താണ് ഇത്തരമൊരു ചർച്ച. ചർച്ചയിൽ നിന്ന് ഒളിച്ചോടാനുള്ള സർക്കാരിന്റെ നീക്കമാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്.