വുഹാൻ (ചൈന): മരണം വിതച്ച് ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് 2020 ജപ്പാൻ ഒളിന്പിക്സിലും ആശങ്ക പരത്തുന്നു. ചൈനയിൽ ഭീതിവിതച്ച് അതിവേഗം പടരുന്ന കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഒളിന്പിക്സ് യോഗ്യതാ മത്സരങ്ങളുടെ വേദി മാറ്റി. ചൈനയിലെ വുഹാനിൽ നടക്കേണ്ടിയിരുന്ന വനിതാ ഫുട്ബോൾ, ബോക്സിംഗ് മത്സരങ്ങളാണ് നാൻജിംഗിലേക്ക് മാറ്റിയത്.
അതേസമയം, അടുത്ത മാസം മൂന്ന് മുതൽ 14വരെ നടക്കേണ്ട ബോക്സിംഗ് യോഗ്യതാ മത്സരങ്ങളുടെ പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല. ഒളിന്പിക് ബോക്സിംഗ് യോഗ്യതയ്ക്കായി ഇന്ത്യയുടെ മേരി കോം അടക്കമുള്ളവർ മത്സരിക്കുന്നുണ്ട്. മുൻനിശ്ചയിച്ചതുപോലെ ഫെബ്രുവരി മൂന്ന് മുതൽ ഒന്പത് വരെ വനിതാ ഫുട്ബോൾ യോഗ്യത മത്സരങ്ങൾ നടക്കും. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്പത് വരെയാണ് ടോക്കിയോ 2020 ഒളിന്പിക്സ്.