തിരുവനന്തപുരം: മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു കൊറോണ വൈറസ് പടരുന്നതാണു സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്ന് എത്തുന്നവർ സംസ്ഥാനത്തെ കൊറോണ ജാഗ്രത മുൻകരുതൽ നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ ചൈനയിലെ വുഹാനിൽനിന്നു കേരളത്തിൽ എത്തിയവർക്കു രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും, അവരിൽനിന്നു വേറെയാരിലേക്കും രോഗം പടർന്നിരുന്നില്ല. എന്നാൽ ഇപ്പോൾ രോഗം മനുഷ്യനിൽനിന്നു മനുഷ്യനിലേക്ക് പടരാനാരംഭിച്ചു. ഇറ്റലിയിൽനിന്ന് എത്തിയവരിൽനിന്നാണു മറ്റുള്ളവരിലേക്കു രോഗം പടർന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രോഗം കൂടുതൽ പേരിലേക്ക് പടരുന്നതു തടയാനുള്ള പ്രവർത്തനങ്ങളാണു നടത്തുന്നത്. ആരൊക്കെ രോഗം പകർന്നവരുമായി സന്പർക്കം പുലർത്തിയെന്നു കണ്ടെത്തണം. ആറോ ഏഴോ തട്ടുവരെ അപ്പുറത്തേയ്ക്ക് ഇതിനായുള്ള പരിശോധന നടത്തണമെന്നും മന്ത്രി വിശദീകരിച്ചു.