പാലക്കാട്: കോവിഡ് 19 രോഗബാധിതനായ പാലക്കാട് ജില്ലയിലെ കാരാക്കുറിശി സ്വദേശി നിയന്ത്രണങ്ങൾ ലംഘിച്ച് കറങ്ങി നടന്നുവെന്ന് പരിശോധനയിൽ വ്യക്തമായി.
ദുബായിയിൽ നിന്നും മാർച്ച് 13ന് നാട്ടിലെത്തിയ ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇയാൾ നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെ നിരവധി സ്ഥലങ്ങളിൽ പോയിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബുധനാഴ്ചയാണ് ഇയാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ റൂട്ട് മാപ്പ് തയാറാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമിച്ചതോടെയാണ് രോഗി നാടാകെ അലഞ്ഞുനടന്നുവെന്ന് വ്യക്തമായത്.
പൊതുയോഗങ്ങളിൽ ഉൾപ്പടെ പങ്കെടുത്ത ഇയാൾ മലപ്പുറം ജില്ലയിലും സന്ദർശനം നടത്തി. വിദേശത്തു നിന്നും വന്ന ഇയാൾ കറങ്ങിനടക്കുകയാണെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചതോടെ 21-നാണ് ഇയാൾ വീണ്ടും ക്വാറന്റൈനിൽ പ്രവേശിച്ചത്.
രോഗിയുടെ മകൻ കെഎസ്ആർടിസിയിൽ കണ്ടക്ടറാണ്. മകൻ 17, 18, 19 തീയതികളിൽ ഡ്യൂട്ടി എടുത്തുവെന്നും പരിശോധനയിൽ വ്യക്തമായി. മണ്ണാർക്കാട് നിന്നും കോയമ്പത്തൂരിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും പോയ ബസിലാണ് ഇയാൾ ഡ്യൂട്ടി ചെയ്തത്. ഇയാളുടെ റൂട്ട് മാപ്പും തയാറാക്കാൻ ശ്രമം നടക്കുന്നുണ്ട്.
രോഗബാധിതൻ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയെന്ന് വ്യക്തമായതോടെ റൂട്ട് മാപ്പ് തയാറാക്കുക ദുഷ്കരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇയാൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.