പാന്പാടി: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാന്പാടി ഫയർസ്റ്റേഷനിലെ പ്രവർത്തനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലായാണ് ഇവിടെയുണ്ടായിരുന്ന 15 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവാണെന്നു പരിശോധനയിൽ തെളിഞ്ഞത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള ഉദ്യോഗസ്ഥർ അവിടേക്കു മടങ്ങിപ്പോയി. സ്റ്റേഷൻ ഓഫീസറടക്കം ബാക്കിയുള്ളവർ പാലായിലെ കോവിഡ് സെന്ററിൽ ചികിത്സയിലാണ്.
ആകെയുള്ള 39 ജീവനക്കാരെ രണ്ടു ടേണിലായാണ് ഇവിടെ ഡ്യൂട്ടിക്കു ക്രമീകരിച്ചിരുന്നത്. അതിൽ ഒന്നാം ടേണിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും കഴിഞ്ഞദിവസം വൈറസ് സ്ഥിരീകരിച്ചിരുന്നു.
രണ്ടാം ടേണിലെ ഒരാൾക്കും ഇന്നലെ കോവിഡ് പോസിറ്റീവായി. ഇതോടെ രണ്ടാം ടേണിലുള്ള ഏഴുപേരാണ് ഇപ്പോൾ ഇവിടെ ഡ്യൂട്ടിയിലുള്ളത്. കോവിഡ് രോഗിയുടെ പ്രഥമ സന്പർക്കപ്പട്ടികയിലുൾപ്പെട്ടവരാണ് ഇവർ.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ബാക്കി അഞ്ചു ജീവനക്കാർ വോട്ടെണ്ണൽ കഴിഞ്ഞതിനുശേഷം മാത്രമേ തിരികെ ഇവിടെ ഡ്യൂട്ടിയിൽ പ്രവേശിക്കുകയുള്ളു. ഇപ്പോൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ വളരെ ആശങ്കയിലാണുള്ളത്.
എന്തെങ്കിലും അത്യാഹിത സംഭവങ്ങളുണ്ടായാൽ സന്പർക്കപട്ടികയിലുള്ളവരാണ് പൊതു ജനങ്ങൾക്കിടയിലേക്കിറങ്ങി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത്. ഇതു ജനങ്ങൾക്കും കൂടുതൽ ആശങ്ക പരത്തുന്നു.
പാന്പാടി ഫയർ സ്റ്റേഷനിലേക്കു മറ്റിടങ്ങളിൽനിന്നു ജീവനക്കാരെ വിന്യസിക്കാൻ അധികൃതർ ഉടർ തയാറാകണമെന്നാണു ജനങ്ങളുടെ ആവശ്യം.