പത്തനംതിട്ട: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒന്‍പതു പേർ നിരീക്ഷണത്തിലുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശരാജ്യങ്ങളിൽ നിന്നടക്കം വന്നവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ മൂന്നുപേർ ആശുപത്രികളിലാണ്. ആറു പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു.
ഇറ്റലിയിൽ നിന്നെത്തിയ ജില്ലക്കാരിയായ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. രക്തസാമ്പിളുകൾ ആലപ്പുഴ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. ആലപ്പുഴയിലെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.
വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പനിയുടെ ലക്ഷണങ്ങളില്ലെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. സാജൻ മാത്യു പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്വാഭാവിക പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ വിദ്യാർഥിനിയുടെ ആരോഗ്യനില അവിടെയും പരിശോധിച്ചിരുന്നു. പനിയുടെ ലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിശദ പരിശോധനയ്ക്ക് വിടുകയായിരുന്നു. ആശുപത്രിയിലെ കൊറോണ വാർഡിലാണ് വിദ്യാർഥിനിയുളളത്.
പത്തനംതിട്ട: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ്. സ്കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിനോദ സഞ്ചാരം, പഠനയാത്ര നടത്തുന്നതിന് കളക്ടറുടെ പ്രത്യേക അനുമതി നിര്‍ബന്ധമായും വാങ്ങണം.
വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ കണ്‍ട്രോള്‍റൂം നമ്പറിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കര്‍ശനമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
രോഗലക്ഷണങ്ങളുള്ള ആളുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ പൊതുജനങ്ങള്‍ക്കും ഈ വിവരം 04682228220 എന്ന കണ്‍ട്രേള്‍ റൂം നമ്പരിലും [email protected] എന്ന മെയില്‍ ഐഡിയിലും അറിയിക്കാം.
പനി, ചുമ തുടങ്ങി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുപരിപാടികളിലോ ആളുകള്‍ കൂടുന്ന ഇടങ്ങളിലോ പോകാന്‍ പാടില്ല. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും വീടിന് പുറത്തു പോകരുതെന്നും കളക്ടര്‍ അറിയിച്ചു.