ഗാന്ധിനഗർ: പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സന്പർക്കത്തിൽ ഏർപ്പെട്ട ജില്ലയിൽ നിന്നുള്ള കൂടുതൽ പേരെ കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണ വിഭാഗത്തിലേക്കു കൊണ്ടുവരും. ഇപ്പോൾ അഞ്ചു പേരാണ് ഇവിടെ നിരീഷണത്തിലുള്ളത്. ഇവർക്കൊപ്പം കുറിച്ചിയിൽനിന്നും രണ്ടുപേരെ കൂടി പ്രവേശിപ്പിച്ചേക്കും എന്നറിയുന്നു.
പത്തനംതിട്ട റാന്നിയിലുള്ള വിദേശത്തു നിന്നുമെത്തിയ ബന്ധുക്കളെ നെടുന്പാശേരി വിമാനത്താവളത്തിൽപ്പോയി കാറിൽ സ്വീകരിച്ചു കൊണ്ടു വന്ന കുമരകം ചെങ്ങളം സ്വദേശികളായ ദന്പതികളും ഇവരുടെ നാലരവയസുള്ള പെണ്കുട്ടി, സിംഗപ്പൂരിലെ എൻജിനിയറായ കോട്ടയം തെള്ളകം സ്വദേശി, ഖത്തറിൽ ഷെഫായ കുമരകം ചീപ്പുങ്കൽ സ്വദേശി എന്നിവരെയാണ് മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ ഇപ്പോൾ നിരിക്ഷണത്തിലുള്ളത്.
ഇവരുടെ രക്തസാന്പിളുകളും മൂക്കിൽനിന്നും തൊണ്ടയിൽനിന്നുമുള്ള ശ്രവങ്ങളും ശേഖരിച്ച് ഇന്നലെ വൈകുന്നേം തന്നെ ആലപ്പുഴയിലെ വൈറോളജി ലാബുകളിലേക്ക് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ ഇതിന്റെ ഫലം കിട്ടും. ഇവരിൽ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നുള്ളതിനു കൃത്യമായ ഫലം അറിയാനാകും. ഇപ്പോൾ ആശുപത്രിയിലുള്ളവരുടെ ആരോഗ്യ സ്ഥിതിയിൽ പേടിക്കേണ്ടതില്ലെന്നു എആർഎംഒ ഡോ. ലിജോ രാഷ്ട്ര ദീപികയോടു പറഞ്ഞു.
പത്തനംതിട്ടയിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗലക്ഷണങ്ങളുള്ള അഞ്ചുപേരെ ഇന്നലെ നിരീക്ഷണ വിഭാഗത്തിലേക്കു മാറ്റിയത്. ഇതിനു പുറമേ വിദേശ രാജ്യങ്ങളിൽനിന്നെത്തിയ ഏട്ടുപേർക്കാണ് വീട്ടിൽ ജനസന്പർക്കമില്ലാതെ കഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതോടെ ജില്ലയിൽ ഹോം ക്വാറന്റയിനിൽ കഴിയുന്നവരുടെ എണ്ണം 83 ആയി. ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നവരെ കൂടാതെ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ഉൗർജിത ശ്രമവും ആരോഗ്യ വിഭാഗം ആരംഭിച്ചിട്ടുണ്ട്.
ഗാന്ധിനഗർ: കോവിഡ്- 19 സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെയും വൈകുന്നേരവും പ്രത്യേക മെഡിക്കൽ ബോർഡ് കൂടുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുൻ കരുതലും തുടർ നടപടികളും ചികിത്സാ ഫലങ്ങളും വിലയിരുത്തലുകളുമാണ് ബോർഡിൽ ചർച്ച ചെയ്യുന്നത്.
ഇന്നു രാവിലെ കൂടിയ ബോർഡിൽ രോഗ നിലവാരം പരിശോധിച്ചുള്ള വിലയിരുത്തലും രോഗികളുടെ തുടർ ചികിത്സയെക്കുറിച്ചുള്ളയും ചർച്ചയും നടന്നിരുന്നു. പകർച്ചവ്യാധി, മെഡിസിൻ, ശ്വാസകോശം, കാർഡിയോളജി വിഭാഗത്തിലെ വിദഗ്ദ ഡോക്്ടർമാരുടെ നേതൃത്വക്കിലാണ് ബോർഡ് കൂടുന്നത്.
ഇന്നലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ ദ്രുതകർമ്മ സേന യോഗം കൂടുകയും ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ജില്ല സജ്ജമാണെന്ന് എഡിഎം പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, കോട്ടയം മെഡിക്കൽ കോളജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത് കുമാർ, മെഡിക്കൽ കോളജ് ആർഎംഒ ഡോ. ആർ.പി. രഞ്ജിൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ശോഭ, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.ആർ. രാജൻ തുടങ്ങിയവർ പങ്കെടുത്തു. രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ളവരെ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും എത്തിച്ച് പരിശോധനയ്ക്കായി സാന്പിളുകൾ ശേഖരിക്കും.
പൊതു സന്പർക്കം ഒഴിവാക്കണം കോട്ടയം: വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും നിർബന്ധമായും ജനസന്പർക്കം ഒഴിവാക്കി 28 ദിവസം വീട്ടിൽതന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇവരുടെ കുടുംബാംഗങ്ങൾ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതും മറ്റുള്ളവരുമായി സന്പർക്കം പുലർത്തുന്നതും കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതും ഒഴിവാക്കണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിൽ വിവരം നൽകണം. വകുപ്പ് അയയ്ക്കുന്ന വാഹനങ്ങളിൽ മാത്രം ആശുപത്രികളിൽ എത്തുകയും പൊതു യാത്രാ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
പനി, ജലദോഷം, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നവർ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതും വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുകയും വേണം. ആശുപത്രികളിൽ കഴിയുന്ന രോഗികളെ അത്യാവശ്യ ഘട്ടത്തിൽ ഒഴികെ സന്ദർശിക്കാൻ പാടില്ല.
തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നവർ തിരികെയെത്തുന്പോൾ കൈയ്യും മുഖവും ശുചിയാക്കാൻ ശ്രദ്ധിക്കണം. കൈകൊണ്ട് മുഖവും കണ്ണും മൂക്കും തൊടുന്നത് ഒഴിവാക്കുക.
പ്രതിരോധ സാമഗ്രികൾക്ക് ഉയർന്ന വില ഈടാക്കിയാൽ കർശന നടപടി
കോട്ടയം: രോഗപ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മുഖാവരണം, സാനിറ്റൈസർ എന്നിവയ്ക്ക് മെഡിക്കൽ ഷോപ്പുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കൂടുതൽ തുക ഇടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാൽ പൊതുസന്പർക്കമില്ലാതെ താത്കാലികമായി പ്രവേശനം നൽകുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും വേണം.
വ്യാജ പ്രചാരണങ്ങൾക്കെതിരേ കർശന നടപടി
കോട്ടയം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വിദേശത്തുനിന്ന് എത്തുന്നവരെക്കുറിച്ച് വിവരം നൽകണം
കോട്ടയം: കൊറോണ സ്ഥിരീകരിച്ച ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ കളക്ടറേറ്റിലെ കൊറോണ കണ്ട്രോൾ റൂമിൽ അറിയിക്കണം. നന്പർ – 0481 2581900. ഈ രാജ്യങ്ങളിൽനിന്നെത്തി ജില്ലയിലെ ഹോട്ടലുകളിൽ താമസിക്കാനെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കണം.
വിളിക്കേണ്ട നന്പരുകൾ
കോട്ടയം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ചികിത്സാ സഹയാത്തിനും മാർഗ നിർദ്ദേശങ്ങൾക്കുമായി ദിശ ഹെൽപ്ലൈൻ നന്പരായ 1056ലും കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൊറോണ കണ്ട്രോൾ റൂമിലും 0481 2581900 ബന്ധപ്പെടാം.
ഈ വിമാനങ്ങളിൽ എത്തിയവർ ബന്ധപ്പെടണം
കോട്ടയം: കഴിഞ്ഞ 28ന് വെനീസിൽനിന്ന് ദോഹയിലേക്ക് എത്തിയ ക്യു ആർ 126, 29ന് ദോഹയിൽനിന്ന് കൊച്ചിയിലേക്ക് എത്തിയ ക്യുആർ 514 എന്നി വിമാനങ്ങളിൽ സഞ്ചരിച്ചവർ അടുത്തുള്ള സർക്കാർ ആശുപത്രിയിലോ കൊറോണ കണ്ട്രോൾ റൂമിലോ ദിശ ഹെൽപ്പ് ലൈൻ നന്പരിലോ വിവരം അറിയിക്കണം.