പത്തനംതിട്ട: ഒന്പതുപേരിൽ കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിൽ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് സൂചന. കഴിഞ്ഞ ആറുദിവസമായി ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും നടത്തിയ ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങി.
കഴിഞ്ഞദിവസങ്ങളിൽ പരിശോധനയ്ക്ക് അയച്ച എല്ലാ ഫലങ്ങളും നെഗറ്റീവാണ്. കോവിഡ് 19 ബാധിതരുമായി അടുത്തിടപഴകിയവരുടേതടക്കം സാന്പിളുകൾ നെഗറ്റീവായത് ഏറെ ആശ്വാസം പകരുന്നതായി ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു.
വീടുകളിലും ആശുപത്രികളിലുമായി 1268 ആളുകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കൂടാതെ സംസ്ഥാനത്തു വിവിധ ഭാഗങ്ങളിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവരുമായി ബന്ധപ്പെട്ടവർ പത്തനംതിട്ട ജില്ലയിലും ഉണ്ടാകാമെന്നും പുതുതായി വിദേശത്തുനിന്നെത്തുന്നവർ നിരീക്ഷണത്തിലായതും തുടർ പ്രവർത്തനങ്ങളിൽ ജാഗ്രത വർധിപ്പിക്കുന്നു.
ആശുപത്രി നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാ ഫലങ്ങളും വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതിയുമെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് ജില്ലയെ സുരക്ഷിതവലയത്തിൽ എത്തിക്കാനുള്ള ശ്രമം തുടരുകയുമാണ്.
വരും ദിവസങ്ങൾ നിർണായകം; പ്രതീക്ഷയോടെ മുന്നോട്ട്
പത്തനംതിട്ട: കൊറോണ വൈറസ് ജില്ലയിൽ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സർക്കാർ ആരോഗ്യമേഖലയ്ക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു. 24 മണിക്കൂറും പണിയെടുത്ത് കോവിഡ് 19 വൈറസ് വ്യാപനം നിയന്ത്രണ വിധേയമെന്ന് വിലയിരുത്തുന്പോൾ അവർക്ക് ഉള്ളിൽ ആശ്വാസം.
ഇനിയുള്ള ദിവസങ്ങളും നിർണായകമാണെങ്കിലും പ്രതീക്ഷ കൈവിടാതെ കോവിഡ് 19 വൈറസിനെ തളയ്ക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എ.എൽ. ഷീജയുടെ നേതൃത്വത്തിൽ ദ്രുതഗതിയിലാണു മെഡിക്കൽ ടീം ജില്ലയിൽ പ്രവർത്തനമാരംഭിച്ചത്. സർവസന്നാഹങ്ങളുമേകി ജില്ലാ കളക്ടർ പി.ബി. നൂഹും.
കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച രാത്രി മുതൽ തുടരുകയാണ് രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ് ഇവരുടെ പ്രവർത്തനം.
ജില്ലാ കളക്ടർ പി.ബി. നൂഹ്, സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ. ഷീജ, ഡിഎസ്ഒ ഡോ.സി.എസ് നന്ദിനി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, വേൾഡ് ഹെൽത്ത് ഓഗനൈസേഷൻ പ്രതിനിധി ഡോ.രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ 16 ടീമുകളാണ് ഈ മഹാമാരിയെ നിയന്ത്രണത്തിലാക്കുവാൻ പ്രവർത്തിക്കുന്നത്.
സർവൈലൻസ് ടീം, കോൾ സെന്റർ മാനേജ്മെന്റ് ടീം, എച്ച്ആർ മാനേജ്മെന്റ് ടീം, ട്രെയ്നിംഗ് ആൻഡ് അവയർനസ് ജനറേഷൻ ടീം, മെറ്റീരിയൽ മാനേജ്മെന്റ് ടീം, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് ടീം, മീഡിയ സർവൈലൻസ് ടീം, മീഡിയ മാനേജ്മെന്റ് ടീം, ഡോക്യുമെന്റഷൻ ടീം, പ്രൈവറ്റ് ഹോസ്പിറ്റൽ സർവൈലൻസ് ടീം, എക്സ്പേർട്ട് സ്റ്റഡി കോ ഓർഡിനേഷൻ ടീം, ട്രാൻസ്പോർട്ട് ആൻഡ് സ്വാബ് മാനേജ്മെന്റ് ടീം, ഇന്റർ ഡിപ്പാർട്ട്മെന്റ് ആൻഡ് കോ ഓർഡിനേഷൻ ടീം, കമ്യൂണിറ്റി ലെവൽ വോളണ്ടിയർ കോ ഓർഡിനേഷൻ ടീം, സൈക്കോളജിക്കൽ സപ്പോർട്ട് ടീം, സാന്പിൾ കളക്ഷൻ സർവൈലൻസ് ടീം എന്നിങ്ങനെ 16 ടീമുകളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഓരോ ടീമിനും ഓരോ ടീം ലീഡറുമാണ് പ്രവർത്തിക്കുന്നത്.