പത്തനംതിട്ട: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തിരുവല്ല റെയിൽവേ സ്റ്റേഷൻ, ജില്ലയിലെ ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങലിൽ ബോധവത്കരണവും പരിശോധനകളും സജീവമായി.
റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലുമായി വന്നിറങ്ങിയ 8846 യാത്രക്കാരെയാണ് ഇന്നലെ വരെ പരിശോധിച്ചത്. ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിലും പത്തനംതിട്ട ബസ് സ്റ്റാൻഡിലും പരിശോധന നടത്തുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന 854 പേരെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച 13 പേരെ നിർബന്ധിതമായി വീടുകളിലെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരുന്ന പരിശോധനയോടെ യാത്രക്കാർ പൂർണമായി സഹകരിക്കുന്നുണ്ട്.
ബസ് സ്റ്റേഷനിൽ അന്തർ സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകളടക്കം അണുവിമുക്തമാക്കുന്ന ശുചീകരണവും നടക്കുന്നുണ്ട്. ജില്ലയിൽ ഇതുവരെ 1585 ഇതരസംസ്ഥാന തൊഴിലാളികളെ സ്ക്രീനിംഗിനു വിധേയമാക്കിയെങ്കിലും ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
ജില്ലയിലെ 920 വാർഡുകളിൽ 902 എണ്ണത്തിൽ വാർഡുതല ആരോഗ്യ ശുചിത്വ സമിതികൾ ചേർന്നു. 2150 വോളണ്ടിയർമാർ പങ്കെടുത്തു. 233 വീടുകളിൽ സന്ദർശനം നടത്തി ബോധവത്കരണം നടത്തി.