പത്തനംതിട്ട: ജില്ലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുതല്‍ പ്രദേശങ്ങളിലേക്ക്. പത്തനംതിട്ട കുലശേഖരപതിയിലെ രോഗബാധിതരുമായി ബന്ധപ്പെട്ട സമ്പര്‍ക്കപ്പട്ടികയില്‍ 18 പേരില്‍ കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു.
ഇതോടെ പത്തുദിവസങ്ങള്‍ക്കുള്ളില്‍ കുലശേഖരപതി സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം 80ലെത്തി. ഇവരില്‍ ചിലര്‍ പത്തനംതിട്ടയ്ക്കു പുറത്തുള്ളവരാണ്. കടമ്മനിട്ട, റാന്നി, ചെറുകോല്‍, ചെന്നീര്‍ക്കര ഭാഗങ്ങളിലേക്ക് ഇവരില്‍ നിന്നു കോവിഡ് പടര്‍ന്നിട്ടുണ്ട്.
പത്തുദിവസം മുമ്പ് പത്തനംതിട്ട കുലശേഖരപതി ഭാഗത്ത് ഒരാളും പിന്നാലെ രണ്ടുപേരുമാണ് രോഗബാധിതരായി ആദ്യം കണ്ടെത്തിയത്. ഇവരില്‍ നിന്നു രോഗബാധിതരായവരില്‍ രാഷ്ട്രീയ നേതാക്കള്‍, വ്യാപാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നീണ്ട നിരയുണ്ട്.
സമ്പര്ക്കരോഗബാധിതരുമായി ബന്ധപ്പെട്ട അടുത്ത പട്ടികയും പുറത്തിറങ്ങി. അടുത്തഘട്ടത്തിലേക്കും തീവ്രമായ രീതിയില്‍ തന്നെ രോഗം പടരുന്നതിന്റെ സൂചനയാണ് കണ്ടുവരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ പത്തനംതിട്ടയ്ക്കു പുറത്ത് സമ്പര്‍ക്കരോഗം സ്ഥിരീകരിച്ചവരില്‍ അയിരൂരില്‍ ഉറവിടം വ്യക്തമാകാതെ ഒരു അധ്യാപകനുണ്ട്. കോവിഡ് പോസിറ്റീവായ അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ രോഗ ഉറവിടം വ്യക്തമല്ല.
അടൂരില്‍ തന്നെ മറ്റൊരു 50 കാരന്റെ രോഗത്തിനും ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. വായ്പൂര് നേരത്തെ രോഗം സ്ഥിരീകരിച്ചയാളില്‍ നിന്നും ഒരു സമ്പര്ക്കരോഗി കൂടി ഉണ്ടായി. കല്ലൂപ്പാറ കടമാന്‍കുളത്ത് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
ആന്റിജെന്‍ പരിശോധന ഉടന്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവല്ല തുകലശേരി ഹോളിസ്പിരിറ്റ് കോണ്‍വെന്റിലെ 17 കന്യാസ്ത്രീകള്‍ക്കാണ് ഇന്നലെ ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.
നേരത്തെ കോണ്‍വെന്റിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇവരുടെ ഉറവിടവും വ്യക്തമായിരുന്നില്ല. രോഗബാധിതരായ കന്യാസ്ത്രീകളെ കോണ്‍വെന്റിലെ ഒരു ബ്ലോക്കില്‍ തന്നെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് അവിടെത്തന്നെ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം.