ന്യൂഡൽഹി: കൊറോണ മൂലം നടുവൊടിഞ്ഞ ജനത്തിന് ഇരുട്ടടി നൽകി ഇന്ധനവില കേന്ദ്രസർക്കാർ വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. എക്സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി.
രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ എക്കാലത്തേയും കുറഞ്ഞ നിരക്കിലായിരിക്കുമ്പോഴാണ് വരുമാനം വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം.
തീരുവ വർധിപ്പിച്ചതോടെ രണ്ടായിരം കോടിയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. എണ്ണയുടെ പ്രത്യേക തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമായാണ് വർധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ അസംസ്കൃത എണ്ണയുടെ വില 64 ഡോളർ ആയിരുന്നെങ്കിൽ ഇന്ന് 31 ഡോളറായി താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
എന്നാൽ ഇതിന് ആനുപാതികമായി എണ്ണ വില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല. ജനുവരിയിലെ വിലയിൽനിന്ന് ഏകദേശം ആറു രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.
2005-06 ൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറായിരുന്ന സമയത്ത് രാജ്യത്ത് പെട്രോളിനു 57 രൂപ മാത്രമായിരുന്നു. എന്നാൽ അസംസ്കൃത എണ്ണ വില ബാരലിന് 31 ഡോളറായി കുറഞ്ഞിട്ടും എഴുപത് രൂപയ്ക്കു മുകളിലാണ് ഇപ്പോഴത്തെ വില.
എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം നൽകിയതിനു ശേഷം എണ്ണ വില കൂടുമ്പോൾ ആനുപാതികമായി വില വർധിപ്പിക്കുന്ന കമ്പനികൾ കുറയുമ്പോൾ അറിഞ്ഞമട്ട് കാണിക്കാറില്ല.
കേന്ദ്രമാകട്ടെ ഇക്കാര്യത്തിൽ ഇടപെടാതെ മാറിനിൽക്കുകയും വില കുറയുമ്പോൾ നികുതി വർധിപ്പിച്ച് വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുകയുമാണ്.